തിരുവനന്തപുരം/2026-ജൂണ് 18
നിയമസഭാ നടപടിക്രമങ്ങൾ ആഴത്തിൽ പഠിച്ച് പൊതുപ്രശ്നങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ സാമാജികർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പതിനാറാം കേരള നിയമസഭയിലെ അംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പരിപാടിയുടെ ഉദ്ഘാടനം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നിയമസഭ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജീവിതത്തിൽ ലഭിച്ച സുപ്രധാന ഉത്തരവാദിത്തമാണ് നിയമസഭാ സാമാജികത്വം. വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന സാമാജികർക്ക് പൊതുപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവയ്ക്ക് പരിഹാരം കണ്ടെത്താനും കഴിയണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 208 പ്രകാരമാണ് നിയമസഭയുടെ പ്രവർത്തനം നടക്കുന്നത്. ഇതിനായി 314 ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് ഓഫ് പ്രൊസീജിയർ നിലവിലുണ്ട്. നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് സാമാജികർ വ്യക്തമായ ധാരണ നേടേണ്ടതുണ്ട്. ചോദ്യോത്തരവേളയിലെ നടപടിക്രമങ്ങൾ, ശൂന്യവേളയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം, നോട്ടീസ് നൽകിയ അംഗം വിഷയം അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രി മറുപടി നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണ സാമാജികർക്കുണ്ടാകണം. വാക്ക് ഔട്ട് പ്രതീകാത്മക പ്രതിഷേധമാണെന്നും തുടർന്ന് സഭാ പ്രവർത്തനങ്ങളിൽ അംഗങ്ങൾ പങ്കെടുക്കുന്നതുമടക്കമുള്ള കീഴ്വഴക്കങ്ങൾ മുഖ്യമന്ത്രി ശ്രദ്ധയിൽപ്പെടുത്തി.
റൂൾ 62 പ്രകാരമുള്ള കോളിംഗ് അറ്റൻഷൻ നടപടിയും റൂൾ 304 പ്രകാരമുള്ള സബ്മിഷനുകളും ഫലപ്രദമായി ഉപയോഗിക്കണം. പരമാവധി സമയം നിയമസഭയിൽ സജീവമായി അംഗങ്ങൾ പങ്കെടുക്കണം. ബജറ്റ്, ധനകാര്യ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് സമാജികർ നേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യമായി നിയമസഭയിലെത്തിയ ശേഷം സഭാ നടപടികൾ പഠിച്ചാണ് താൻ മുന്നോട്ടുപോയതെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി, ചർച്ചകളിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും നിയമസഭാ ലൈബ്രറി ഫലപ്രദമായി ഉപയോഗിക്കാനും അംഗങ്ങൾ ശ്രമിക്കണമെന്ന് നിർദേശിച്ചു. തിരുകൊച്ചി നിയമസഭ ഉൾപ്പെടെയുള്ള പഴയ സഭാ ചർച്ചകളും മുൻകാല മികച്ച പാർലമെന്റേറിയൻമാരുടെ പ്രവർത്തനശൈലിയും പഠിക്കുന്നത് ഗുണകരമാണ്.
ആധികാരികതയോടെയും ആത്മവിശ്വാസത്തോടെയും നിയമനിർമാണ പ്രവർത്തനങ്ങളിൽ ഇടപെടേണ്ടത് അത്യന്തം പ്രധാനമാണ്. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സാമാജികരുടെ സജീവ ഇടപെടൽ അനിവാര്യമാണ്. വിഞ്ജാന വിസ്ഫോടനത്തിന്റെ കാലത്ത് കാലാനുസൃതമായി അറിവുകളെ ഉൾക്കൊള്ളാൻ നിയമസഭാ സാമാജികർക്ക് കഴിയണം. ജനാധിപത്യ പ്രക്രിയയിൽ മാതൃകാ പ്രവർത്തനം നടത്താൻ പതിനാറാം നിയമസഭയിലെ ഓരോ അംഗങ്ങൾക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കെ. രാജൻ എം എൽ എ എന്നിവർ ആശംസകളറിയിച്ചു. നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബി നന്ദി പറഞ്ഞു.
നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ ജൂൺ 17, 18 തീയതികളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ നിയമസഭാ പ്രവർത്തനങ്ങൾ, നിയമനിർമാണ നടപടിക്രമങ്ങൾ, അംഗങ്ങളുടെ ചുമതലകളും അവകാശങ്ങളും സംബന്ധിച്ച അവബോധം തുടങ്ങിയ വിവിധ സെഷനുകൾ സാമാജികർക്കായി നടക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.