ന്യൂഡൽഹി, 2026 ജൂൺ 17
ദേശീയപാതകളുടെ പ്രവർത്തനവും പരിപാലനവും കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയപാത അതോറിറ്റി പുതിയ രീതിയിലേക്ക് മാറുന്നു. മുൻകൂട്ടി തകരാറുകൾ കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുന്ന പ്രവചനാധിഷ്ഠിത ആസ്തി പരിപാലന സംവിധാനമാണ് നടപ്പാക്കുന്നത്. 2026 ജൂൺ 16ന് പ്രഖ്യാപിച്ച ഈ നീക്കം ദേശീയപാതകളെ മികച്ച നിലവാരത്തിൽ നിലനിർത്താനാണ് ലക്ഷ്യമിടുന്നത്.
ദേശീയപാതകളുടെ അവസ്ഥ നിരീക്ഷിക്കുന്നതിനായി പ്രത്യേക സർവേ വാഹനങ്ങൾ ഉപയോഗിക്കും. റോഡിലെ പൊട്ടലുകൾ, താഴ്ചകൾ, ഘടനാപരമായ കേടുപാടുകൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും. ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളിലൂടെ ദേശീയപാതകളുടെ ഡിജിറ്റൽ രേഖകൾ തയ്യാറാക്കുകയും അതിക്രമങ്ങൾ കണ്ടെത്തുകയും ചെയ്യും. കൂടാതെ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്ന ദൃശ്യവിശകലന സംവിധാനങ്ങൾ വഴി കുഴികൾ, കേടായ സുരക്ഷാ തടസ്സങ്ങൾ, ലൈറ്റിംഗ് പ്രശ്നങ്ങൾ, വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളിലെ തകരാറുകൾ എന്നിവ സ്വയമേവ കണ്ടെത്താനാകും. വിവിധ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഒറ്റ സംവിധാനത്തിൽ ഏകോപിപ്പിച്ചാണ് തീരുമാനം എടുക്കുക.
പരമ്പരാഗത പരിപാലന രീതികളിൽ നിന്ന് മാറി കൂടുതൽ ശാസ്ത്രീയവും വിവരാധിഷ്ഠിതവുമായ സംവിധാനത്തിലേക്കാണ് ഈ മാറ്റം. പഴയ വിവരങ്ങൾ, പരിശോധനാ രേഖകൾ, നിലവിലെ നിരീക്ഷണ വിവരങ്ങൾ എന്നിവ സംയോജിപ്പിച്ച് അപകടസാധ്യതയുള്ള ഭാഗങ്ങൾ നേരത്തേ തിരിച്ചറിയാൻ ഇതിലൂടെ കഴിയും. മെച്ചപ്പെടുത്തിയ പരിപാലന കരാറുകളും ഏകീകൃത മാർഗനിർദേശങ്ങളും ഈ പദ്ധതിക്ക് പിന്തുണ നൽകും. ദേശീയപാതകളുടെ ആയുസ്സ് വർധിപ്പിക്കാനും പരിപാലനം കൂടുതൽ ഫലപ്രദമാക്കാനും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനുമാണ് ലക്ഷ്യം.