പ്രധാന വിവരങ്ങൾ
- സ്വന്തം ചെലവിൽ നടപ്പാലം നിർമിച്ച് പഞ്ചായത്ത് അംഗം.
- പാറക്കൊങ്കൽ തോടിന് കുറുകെയാണ് പാലം.
- മഴക്കാല യാത്രാദുരിതത്തിന് പരിഹാരമായി നടപടി.
- എസ്.ആർ. ഷീബയാണ് പാലം നിർമിച്ചത്.
- ഉദ്ഘാടനം കെ. ശശിധരൻ നിർവഹിച്ചു.

News Portal

തെന്മല, 2026 ജൂൺ 14 –
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനായി സ്വന്തം കൈയിൽ നിന്ന് പണം മുടക്കി താത്കാലിക നടപ്പാലം നിർമിച്ച് നൽകി തെന്മല പഞ്ചായത്ത് അംഗം. തെന്മല പഞ്ചായത്തിലെ പുലിമുക്ക് വാർഡ് അംഗം എസ്.ആർ. ഷീബയാണ് പാറക്കൊങ്കൽ തോടിന് കുറുകെ നടപ്പാലം നിർമിച്ച് നൽകിയത്. പാലമില്ലാത്തതിനാൽ മഴക്കാലത്ത് പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർഥികൾക്കും സഞ്ചാരത്തിന് വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലായിരുന്നു നടപടി.
പാറക്കൊങ്കൽ തോടിന് കുറുകെ പാലമില്ലാത്തത് മൂലം പ്രദേശത്തെ കുടുംബങ്ങൾ വർഷങ്ങളായി യാത്രാ ദുരിതം അനുഭവിച്ചുവരികയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇവിടെ നടപ്പാലം നിർമിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട തടസങ്ങൾ കാരണം പദ്ധതി നടപ്പായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എസ്.ആർ. ഷീബയോട് പ്രദേശവാസികൾ പാലത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു.
പഞ്ചായത്തിൽ നിന്ന് താത്കാലിക പാലം നിർമിക്കാൻ നിലവിൽ സാധിക്കാത്ത സാഹചര്യം കണ്ടാണ് സ്വന്തം ചെലവിൽ നിർമാണം ഏറ്റെടുത്തതെന്ന് ഷീബ പറഞ്ഞു. പുതുതായി നിർമിച്ച നടപ്പാലത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ശശിധരൻ നിർവഹിച്ചു.