ന്യൂഡൽഹി, 2026 ജൂൺ 13
രാജ്യത്തെ ഒന്നര കോടിയിലധികം കിരാണ സ്റ്റോറുകളുടെ വാങ്ങൽ സംവിധാനം ഡിജിറ്റലാക്കാൻ ലക്ഷ്യമിട്ട് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, തുറന്ന ഡിജിറ്റൽ വാണിജ്യ ശൃംഖലയുമായി ചേർന്ന് ജൂൺ 12ന് ഭാരത് കൊമേഴ്സ് ചിന്തൻ ശിവിർ സംഘടിപ്പിച്ചു. ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾ, വിതരണ ശൃംഖലകൾ, സാങ്കേതിക സേവനദാതാക്കൾ, ചരക്ക് ഗതാഗത പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ പൊതുവ്യാപാര മേഖലയിലെ ഡിജിറ്റൽ മാറ്റമാണ് പ്രധാന ചർച്ചാവിഷയമായത്.
രാജ്യത്തെ ഉപഭോക്തൃ ഉൽപ്പന്ന വിൽപ്പനയുടെ വലിയ പങ്കും കിരാണ സ്റ്റോറുകളിലൂടെയാണ് നടക്കുന്നത്. എന്നാൽ പല ഇടങ്ങളിലും വിഘടിച്ച ഓർഡർ സംവിധാനങ്ങളും പരിമിതമായ ശേഖര വിവരങ്ങളും കൈയാൽ നടത്തുന്ന വിൽപ്പന നടപടികളും തുടരുന്നതിനാൽ കാര്യക്ഷമത കുറയുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇത് പരിഹരിക്കാൻ കിരാണ സ്റ്റോറുകളുടെ വ്യാപാര ആവശ്യങ്ങൾക്കായുള്ള വാങ്ങൽ പ്രക്രിയ ഡിജിറ്റലാക്കുന്ന ഡിജിഡുകാൻ പദ്ധതിയെക്കുറിച്ചാണ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തത്. നേരിട്ടുള്ള വാങ്ങൽ, പദ്ധതികളുടെ കൂടുതൽ വ്യക്തത, മെച്ചപ്പെട്ട വിതരണ നിരക്ക്, പ്രവർത്തന മൂലധന നിയന്ത്രണം എന്നിവയ്ക്ക് ഇത് സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു. വിതരണക്കാർക്കും ബ്രാൻഡുകൾക്കും കൂടുതൽ വിപണി വ്യാപനവും ആവശ്യ വിവരങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും ലഭിക്കും.
ഹൈദരാബാദിൽ ഇതിനകം പതിനായിരത്തിലധികം വ്യാപാരികളെയും മുപ്പത്തിയഞ്ചിലധികം ബ്രാൻഡുകളെയും ഉൾപ്പെടുത്തി ഡിജിഡുകാൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി ജൂൺ 19ന് ജയ്പൂരിൽ പദ്ധതി ആരംഭിക്കും. തുടർന്ന് മുംബൈ, ബെംഗളൂരു, ഡൽഹി-എൻസിആർ മേഖലകളിലേക്കും വ്യാപനം നടത്താനാണ് പദ്ധതി. വ്യാപാര മേഖലയിലെ വെല്ലുവിളികൾ, വിതരണക്കാരുടെ ഡിജിറ്റലൈസേഷൻ, ഉൽപ്പന്ന പട്ടികകളുടെ ഏകീകരണം, വ്യാപാരികളുടെ ഉൾപ്പെടുത്തൽ, സാങ്കേതിക സംയോജനം തുടങ്ങിയ വിഷയങ്ങളിലും നിർദേശങ്ങൾ ഉയർന്നു. വിവിധ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.