ന്യൂഡൽഹി, 2026 ജൂൺ 8 –
ഇന്ത്യാ സഖ്യ യോഗത്തിന് മുന്നോടിയായി സഖ്യത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യ ചർച്ചയായി. സഖ്യത്തിലെ അസ്വാരസ്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുപറഞ്ഞ ജോൺ ബ്രിട്ടാസ് എംപിയോട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അതൃപ്തി പ്രകടിപ്പിച്ചു. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാൽ ചോദിച്ചു. യോഗത്തിൽ വിഷയങ്ങൾ ഉന്നയിച്ച ശേഷം പ്രതികരിച്ചാൽ മതിയായിരുന്നില്ലേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ ജോൺ ബ്രിട്ടാസ് കെ സി വേണുഗോപാലിനെ കെട്ടിപ്പിടിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ജോൺ ബ്രിട്ടാസ് സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവെച്ചത്. കേന്ദ്ര സർക്കാരിനെതിരായ ജനങ്ങളുടെ അതൃപ്തിയുടെ സാഹചര്യത്തിൽ പ്രതിപക്ഷം രാജ്യത്തിന് വഴികാട്ടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് കൂടുതൽ വിശാലമായ സമീപനം സ്വീകരിക്കണമെന്നും മുന്നണിയെ യുക്തിഭദ്രമായി നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ സദാചാരം പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാര്യങ്ങൾ സഖ്യ നേതൃത്വത്തിന് നൽകിയ കത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.