കൊച്ചി, ജൂൺ 1: എംഎസ്സി എല്‍സ 3 കപ്പലിലെ ഏഴ് നാവികരെ രാജ്യം വിടാൻ അനുവദിക്കാത്തതിൽ കേന്ദ്ര ഷിപ്പിംഗ് ഡയറക്ടർ ജനറലിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം തോന്നിയ പോലെ നീളുകയാണെന്നും ഒരു വർഷമായിട്ടും അന്തിമ തീരുമാനം എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നാവികരുടെ ഹർജിയിൽ കോടതിയുടെ ഇടപെടൽ
എംഎസ്സി എല്‍സ 3 കപ്പലിലെ ഏഴ് നാവികരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ രാജ്യം വിടാൻ അനുവദിക്കുന്നില്ലെന്നാണ് നാവികരുടെ പരാതി.
ഇതോടെയാണ് കേസ് പരിഗണിച്ച ഹൈക്കോടതി കേന്ദ്ര ഷിപ്പിംഗ് ഡയറക്ടർ ജനറലിനോട് വിശദീകരണം തേടിയത്.
“വ്യക്തിസ്വാതന്ത്ര്യം തടഞ്ഞു”
നാവികരെ രാജ്യം വിടാൻ അനുവദിക്കാത്തത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ നാവികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കോടതി വിമർശിച്ചു.
“അന്വേഷണം തുടരുകയാണ്” എന്ന കേന്ദ്ര സർക്കാരിന്റെ വാദവും കോടതി തള്ളി. ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
“മാനസിക പ്രശ്നങ്ങൾ ഉണ്ടാകും”
സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥ നാവികർക്ക് മാനസികാഘാതമുണ്ടാക്കുമെന്ന ആശങ്കയും ഹൈക്കോടതി പ്രകടിപ്പിച്ചു.
വിദേശരാജ്യത്ത് ആഡംബര സൗകര്യങ്ങളിലായിരുന്നാലും സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാത്തത് മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജൂൺ എട്ടിനകം മറുപടി നൽകാൻ നിർദേശം
കേസിൽ ജൂൺ എട്ടിനകം മറുപടി നൽകാൻ ഷിപ്പിംഗ് ഡയറക്ടർ ജനറലിനോട് ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം മേയ് അവസാനത്തോടെയാണ് കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായി കണ്ടെയ്നറുകളുമായി എത്തിയ ലൈബീരിയൻ കപ്പൽ എംഎസ്സി എല്‍സ 3 ചെരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോഴും തുടരുന്നത്.