യാങ്കൂൺ: മ്യാന്‍മറിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 25 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാൻ സംസ്ഥാനത്തെ നാംഖാം ടൗൺഷിപ്പിലെ കൗംഗ് ടാറ്റ് ഗ്രാമത്തിൽ മെയ് 31 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ഓടെയാണ് സ്ഫോടനമുണ്ടായത്. വടക്കുകിഴക്കൻ മ്യാൻമാറിൽ ചൈനീസ് അതിർത്തിയോട് ചേർന്ന സംസ്ഥാനമാണ് ഷാൻ.
ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്
രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ പോരാട്ടം നടത്തുന്ന പ്രബല വിമതസേനയായ താംഗ് നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സ്ഫോടനം. ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് താംഗ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു.
കൃത്യമായ മരണസംഖ്യയോ അപകടകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല
സ്ഫോടനത്തെ തുടർന്ന് നിരവധി ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും പരിക്കേറ്റതായും വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും താംഗ് നാഷണൽ ലിബറേഷൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 46 ഓളം പേർക്ക് ജീവൻ നഷ്ടമായി. അതേസമയം കൃത്യമായ മരണസംഖ്യയോ അപകടകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. ജനവാസമേഖലയോട് ചേർന്ന് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്.