തിരുവനന്തപുരം, മേയ് 29
കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തെ തുടർന്ന് വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരുന്ന സോളിസ് കപ്പൽ ഇനി കൊച്ചി തുറമുഖത്തേക്ക് മാറ്റും. ആദ്യം കൊല്ലത്തേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ കാലവർഷത്തെ തുടർന്ന് മണൽ അടിഞ്ഞ് കപ്പൽ മണ്ണിനടിയിലാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ തീരുമാനം.
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ഏജൻസികൾ കൊല്ലം തുറമുഖ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കപ്പൽ കൊച്ചിയിലേക്ക് മാറ്റാൻ അന്തിമ തീരുമാനമായത്.
കന്യാകുമാരിക്കടുത്ത കടലിൽ മാർച്ച് ഏഴിനാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശിയുടെ ‘സെന്റ് ജോസഫ്’ എന്ന മീൻപിടിത്ത ബോട്ടാണ് സോളിസ് കപ്പലിടിച്ച് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കോൽക്കത്ത സ്വദേശികളായ ലഖാൻ ദാസ്, മകൻ ബാദൽ എന്നിവർ കടലിൽ കാണാതായി. തമിഴ്നാട്, കോൽക്കത്ത സ്വദേശികളായ ഒമ്പത് പേർക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു.
അപകടത്തിന് ശേഷം മാർച്ച് ഒമ്പതിനാണ് സോളിസ് കപ്പൽ വിഴിഞ്ഞം കടലിലെത്തിച്ചത്. കപ്പൽ തുറമുഖം വിടരുതെന്ന കൊച്ചി മർക്കൻ്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ടായിരുന്നതിനാലാണ് ഇത്രയും നാൾ വിഴിഞ്ഞത്ത് തുടരേണ്ടി വന്നത്.
കപ്പൽ വിഴിഞ്ഞത്ത് എത്തിയതിനെ തുടർന്ന് വാടക ഇനത്തിൽ ഏകദേശം 30 ലക്ഷം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കപ്പലിൽ ബങ്കറിംഗ് നടപടികളും നടത്തിയിരുന്നു.
സോളിസ് കപ്പൽ കൊച്ചിയിലേക്ക് മാറ്റുന്നതോടെ കേസുമായി ബന്ധപ്പെട്ട തുടർനടപടികളും അന്വേഷണവും പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.