തൃശൂർ | 2026 മെയ് 29
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ റൗഡിയുമായ സലോഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് ജയിലിലാക്കി. വേളൂക്കര സ്വദേശിയായ 29 കാരനായ സലോഷിനെതിരെയാണ് തൃശൂർ റൂറൽ പോലീസിന്റെ നടപടി.
ആറ് വധശ്രമക്കേസുകളും നാല് അടിപിടിക്കേസുകളും ഉൾപ്പെടെ പത്ത് ക്രിമിനൽ കേസുകളിലാണ് സലോഷ് പ്രതിയായിട്ടുള്ളത്. ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് ജില്ലാ കലക്ടർ ശിഖാ സുരേന്ദ്രൻ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
പ്രദേശത്ത് ഭീഷണിയും ആക്രമണങ്ങളും വർധിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പ ചുമത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. സ്ഥിരം കുറ്റവാളികൾക്കെതിരെ കൂടുതൽ കടുത്ത നടപടി തുടരുമെന്ന സൂചനയും പോലീസ് നൽകുന്നുണ്ട്.
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ ഇനിയും കർശന നടപടി ഉണ്ടാകാനാണ് സാധ്യത.