കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സഹോദരങ്ങളെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മഡോണ വീട്ടില്‍ ജെ. പ്രിന്‍സ് (29), സഹോദരന് ജിന്റോ (27) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്ഐ എഡ്വേര്‍ഡ് ഗ്ലാഡ്വിന്, സിപിഒ ആര്. മണികണ്ഠന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഏപ്രിൽ 11ശനിയാഴ്ച വൈകിട്ട് 5.45ഓടെ നോര്‍ത്ത് പാലത്തിന് താഴെയായിരുന്നു സംഭവം. ജോലി തേടി കൊച്ചിയില്‍ എത്തിയതായി പറയുന്ന പ്രതികള്‍ പാലത്തിന് താഴെ ഇരിക്കുകയായിരുന്നു. ഈ സമയം ജീപ്പില്‍ ഇതുവഴി കടന്നുപോയ എസ്ഐ എഡ്വേര്‍ഡ് ഗ്ലാഡ്വിന് ഇവിടെ ഇരിക്കരുതെന്നും സ്ഥലമത്ര നല്ലതല്ലെന്നും സഹോദരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മാറാമെന്ന് ഇരുവരും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി.
പ്രതികള്‍ എസ്ഐയുടെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്തു
15 മിനിറ്റ് കഴിഞ്ഞ് മറ്റൊരു ആവശ്യത്തിനായി തിരിച്ചുവരുമ്പോള്‍ ഇരുവരും അവിടെത്തന്നെയുണ്ടായിരുന്നു. പന്തികേട് തോന്നി വിവരങ്ങള്‍ തിരക്കാന്‍ തുനിഞ്ഞതോടെ സഹോദരങ്ങള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പ്രതികള്‍ എസ്ഐയുടെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ ജീപ്പിന്റെ വലതുവശത്തെ മിറര്‍ തകര്‍ന്നു.
പിടിയിലായ പ്രിന്‍സ് പോക്സോ കേസടക്കം 12ഓളം കേസുകളില്‍ പ്രതിയാണ്.
ഇതില്‍നിന്ന് ചില്ല് കൈക്കലാക്കി പ്രതികള്‍ പോലീസിനു നേരേ തിരിഞ്ഞെങ്കിലും ഇവരെ കീഴ്പ്പെടുത്തി. ചില്ല് കൊണ്ടാണ് എസ്ഐക്കും സിപിഒയ്ക്കും മുറിവേറ്റത്. പ്രതികള്‍ വയര്‍ലെസിന്റെ ആന്റിന നശിപ്പിച്ചതായും പോലീസ് പറഞ്ഞു. പിടിയിലായ പ്രിന്‍സ് പോക്സോ കേസടക്കം 12ഓളം കേസുകളില്‍ പ്രതിയാണ്. ഇവര്‍ എന്തിനാണ് കൊച്ചിയിലെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
.
