.മലപ്പുറം | തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ചർച്ചയാക്കി മുസ്‍ലിം ലീഗ്. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശവാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പ്രതികരണം. കോൺഗ്രസ്സിനെ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ഉപമുഖ്യമന്ത്രി സ്ഥാനം ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ പരാമർശവും അത്തരം സമ്മർദതന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
കൂടുതൽ മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാനുമുള്ള തന്ത്രം .
.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കുടുതൽ സീറ്റുകള്‍ ലഭിക്കാനും അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനങ്ങള്‍ കൂടുതൽ ലഭിക്കാനുമുള്ള തന്ത്രമായി മുസ്‍ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ചർച്ചയിലേക്ക് കൊണ്ടുവരിക പതിവാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് പറയുന്ന മുനവ്വറലി തങ്ങൾ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ച ചരിത്രവും പറയുന്നുണ്ട്. സി എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. .
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
അതേമയം, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.അത്തരം ചർച്ചകൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. യു ഡി എഫ് അനുകൂല തരംഗമുണ്ട്. ഇത്തവണ അധികാരത്തിൽ വരും. എൽ ഡി എഫ് നേതാക്കളിൽ ആത്മവിശ്വാസക്കുറവ് പ്രകടമാണ്. യു ഡി എഫിന് നൂറ് സീറ്റിന് സാധ്യതയുണ്ടെന്ന് കാര്യങ്ങൾ പഠിച്ച് തന്നെയാണ് വി ഡി സതീശൻ പറഞ്ഞത്. സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും. കോഴിക്കോട് ജില്ലയിൽ അടക്കം മുഴുവൻ സീറ്റിലും പ്രതീക്ഷയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു..
