തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്നു കേരളത്തിലെത്തും. തിരുവനന്തപുരത്ത് മാർച്ച് 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ മാർഗരേഖ ദേശീയ അധ്യക്ഷൻ പ്രകാശനം ചെയ്യും. എൻഡിഎ അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന വികസിത കേരളം മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും.
‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’
‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെ ഭാവികേരള വികസനത്തിനുള്ള മാർഗരേഖയാണ് എൻഡിഎ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാർഗരേഖയിലുണ്ട്. എൻഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാർ വെള്ളാപ്പള്ളി എന്നിവരും മാർഗ്ഗരേഖയെപ്പറ്റി ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ സംസാരിക്കും. ബിജെപി കേരളം പ്രഭാരി പ്രകാശ് ജാവദേക്കർ, തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.ദേശീയ അധ്യക്ഷൻ നിതിൻ നബീന് കേരളത്തിൽ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികൾ.
