ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് ദയാവധത്തിന് അനുമതി ലഭിച്ച ആദ്യ വ്യക്തിയായ ഹരീഷ് റാണ (32) അന്തരിച്ചു. കഴിഞ്ഞ 13 വർഷമായി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളും ഭക്ഷണവും പിൻവലിച്ചതിനെത്തുടർന്ന് മാർച്ച് 24 തിങ്കളാഴ്ച ഹരീഷ് വിടവാങ്ങി .
‘പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ്’ എന്ന അവസ്ഥയിലായിരുന്നു.
2013-ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയായിരിക്കെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ ‘പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ്’ എന്ന അവസ്ഥയിലായിരുന്നു. 13 വർഷത്തോളം അബോധാവസ്ഥയിൽ ട്യൂബുകളിലൂടെ നൽകുന്ന ഭക്ഷണത്തെയും മരുന്നുകളെയും ആശ്രയിച്ചാണ് അദ്ദേഹം ജീവൻ നിലനിർത്തിയത്.
മകനെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
ഹരീഷിന്റെ ദുരിതാവസ്ഥ കണ്ട മാതാപിതാക്കൾ, മകന്റെ ജീവൻ നിലനിർത്തുന്ന കൃത്രിമ സംവിധാനങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 11-ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷിന് ‘സമാധാനമായി മരിക്കാനുള്ള അവകാശം’ നൽകിയത്. ചികിത്സ തുടരുന്നത് ഹരീഷിന്റെ വേദന വർധിപ്പിക്കുകയല്ലാതെ ഗുണകരമല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.
‘സജീവ ദയാവധം’ ഇന്ത്യയിൽ ഇപ്പോഴും നിയമവിരുദ്ധമാണ്
2018-ലെ സുപ്രീം കോടതിയുടെ നാഴികക്കല്ലായ വിധിക്ക് ശേഷം ഇന്ത്യയിൽ ആദ്യമായാണ് ഒരു രോഗിയിൽ ‘നിഷ്ക്രിയ ദയാവധം’ പ്രായോഗികമായി നടപ്പിലാക്കുന്നത്. രോഗിക്ക് ജീവൻ നിലനിർത്താൻ നൽകുന്ന കൃത്രിമ സംവിധാനങ്ങൾ (ഭക്ഷണം നൽകുന്ന ട്യൂബ്, വെന്റിലേറ്റർ തുടങ്ങിയവ) ബോധപൂർവ്വം പിൻവലിക്കുന്നതിനെയാണ് നിഷ്ക്രിയ ദയാവധം എന്ന് പറയുന്നത്. മാരകമായ മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കുന്ന ‘സജീവ ദയാവധം’ ഇന്ത്യയിൽ ഇപ്പോഴും നിയമവിരുദ്ധമാണ്
