ഇസ്ലാമാബാദ്: പാകിസ്ഥാന് നേരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈയെയും ഡൽഹിയെയും ആക്രമിക്കണമെന്ന് മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് ആഹ്വാനം ചെയ്തു. ഒരു പാകിസ്ഥാനി ടിവി ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ ഈ പരാമർശം.
മുംബൈയും ഡൽഹിയും പാകിസ്ഥാന്റെ മിസൈൽ പരിധിയിലാണെന്നും ബാസിത്
അമേരിക്കയോ ഇസ്രയേലോ പാകിസ്ഥാന്റെ ആണവ പദ്ധതികൾക്ക് നേരെ നീക്കം നടത്തിയാൽ, അതിന് പകരമായി ഇന്ത്യയെ ആക്രമിക്കുക എന്നതായിരിക്കണം പാകിസ്ഥാന്റെ ‘ഡിഫോൾട്ട്’ നിലപാടെന്ന് ബാസിത് പറഞ്ഞു. മുംബൈയും ഡൽഹിയും പാകിസ്ഥാന്റെ മിസൈൽ പരിധിയിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചർച്ചയ്ക്കിടെ അവതാരകൻ മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിച്ച് “നമ്മൾ മുമ്പ് ഒരു ട്രെയിലർ കാണിച്ചിട്ടുണ്ട്” എന്ന് പറഞ്ഞപ്പോൾ, “നമ്മൾ അത് മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും” എന്നായിരുന്നു ബാസിതിന്റെ ഞെട്ടിക്കുന്ന മറുപടി.
