പരവൂര്‍: ബിഎസ്എന്‍എല്‍, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബര്‍ തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. കെവൈസി പുതുക്കിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തില്‍ പ്രചരിക്കുന്ന നോട്ടീസുകള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരം നോട്ടീസുകള്‍ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് അയക്കാറില്ല
ബിഎസ്എന്‍എല്ലിന്റെ ലെറ്റര്‍ പാഡില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ കെവൈസി വെരിഫിക്കേഷന് എക്സിക്യൂട്ടീവിനെ ഉടന്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.‘പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടന്‍ വിളിക്കുക’-എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ ഇത്തരം നോട്ടീസുകള്‍ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങൾ പെരുകുന്നു
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ 52,974 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-ല്‍ ഇത് 86,420 ആയി ഉയര്‍ന്നു.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ ഫോറന്‍സിക് പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നതിനായി 116.5 കോടിയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
:
