കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്സ്. 37 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഇതോടെ ആകെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സീറ്റിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇവിടങ്ങളില്‍ സി പി എം വിട്ടെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥികളാകും മത്സരിക്കുകയെന്നാണ് വിവരം.

കെ സുധാകരന് സീറ്റില്ല.

സ്ഥാനാര്‍ഥിത്വത്തിനായി അവസാന നിമിഷം വരെ സമ്മര്‍ദം ചെലുത്തിയ കെ സുധാകരന് സീറ്റില്ല. കണ്ണൂര്‍ സീറ്റിനെച്ചൊല്ലി ഉടക്കിയ സുധാകരന്‍ വിമതനായി മത്സരിക്കുമെന്ന് സൂചന നല്‍കിയെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മാത്രം മത്സരിക്കുമെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ അഡ്വ. ടി ഒ മോഹനനാണ് സ്ഥാനാര്‍ഥി.

സന്ദീപ് വാര്യര്‍ സ്ഥാനാര്‍ഥിയാകും

എം പിമാര്‍ ആരും തന്നെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ലൈംഗികാരോപണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. ജോസഫ് വാഴക്കല്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവരും പട്ടികയിലില്ല. തൃക്കരിപ്പൂരില്‍ ബി ജെ പി വിട്ടെത്തിയ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ഥിയാകും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും.

രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക;

ഉദുമ- കെ നീലകണ്ഠന്‍ ,തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍ , കല്ല്യാശ്ശേരി- രാജീവന്‍ കപ്പച്ചേരി , കണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍ ,. മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി , പട്ടാമ്പി- ടി പി ഷാജി ,. ഷൊര്‍ണൂര്‍- പി ഹരിഗോവിന്ദന്‍ , കുന്നംകുളം- അജയ് മോഹന്‍ , വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി , പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍ , വൈപ്പിന്‍- ടോണി ചമ്മിണി , കൊച്ചി- മുഹമ്മദ് ഷിയാസ് , തൃപ്പൂണിത്തുറ- ദീപക് ജോയ് , ദേവികുളം (എസ് സി)- എസ് രാജ , ഉടുമ്പൻചോല-അഡ്വ. സേനാപതി വേണു , ഇടുക്കി- റോയ് കെ പൗലോസ് ,. പീരുമേട്- അഡ്വ. സിറിയക് തോമസ് , ഏറ്റുമാനൂര്‍- നാട്ടകം സുരേഷ് , കാഞ്ഞിരപ്പള്ളി- പ്രൊഫ. റോണി കെ ബേബി , പൂമാര്‍- സെബാസ്റ്റ്യന്‍ എം ജെ (അഡ്വ. സജി ജോസഫ്) , ആലപ്പുഴ- എ ഡി തോമസ് , കായംകുളം- എം ലിജു , ചെങ്ങന്നൂര്‍- എബി കുര്യാക്കോസ് , റാന്നി- പഴകുളം മധു , ആറന്മുള- അബിന്‍ വര്‍ക്കി , കോന്നി- പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ , അടൂര്‍ (എസ് സി)- അഡ്വ. ശാന്തകുമാര്‍ , ചടയമംഗലം- എം എം നസീര്‍ , വര്‍ക്കല- വര്‍ക്കല കഹാര്‍ , നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍ , വാമനപുരം- സുധീര്‍ഷ പാലോട് , കഴക്കൂട്ടം- ശരത്ചന്ദ്രപ്രസാദ് , നേമം- കെ എസ് ശബരീനാഥന്‍ , അരുവിക്കര- വി എസ് ശിവകുമാര്‍ , പാറശ്ശാല- നെയ്യാറ്റിന്‍കര സനല്‍ , കാട്ടാക്കട- എം ആര്‍ ബൈജു , നെയ്യാറ്റിന്‍കര- എന്‍ ശക്തന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →