ദേവസ്വം ബോർഡിലെ ക്രമക്കേടുകൾ ചർച്ചയാകുന്ന കാലമാണല്ലൊ ഇത്. എന്നാൽ അരനൂറ്റാണ്ടു മുമ്പും ദേവസ്വം ബോർഡിൽ സ്വർണ്ണം അടിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ഉണ്ടായിരുന്നു. ഇതു പരാമർശിച്ചുകൊണ്ട് കേരള ശബ്ദം വാരികയുടെ മുൻ ചീഫ് എഡിറ്ററും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രഭാകരൻ പുത്തൂർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. ആ രചന ചുവടെ..
ദേവസ്വംബോര്‍ഡിന്‍റെ വ്യാജമെഡല്‍
ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസ് വിശ്വാസികളെ നടുക്കിയിരിക്കുകയാണെല്ലോ. യഥാര്‍ത്ഥത്തില്‍ ദേവസ്വംബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ സംഭവമല്ല.. മുന്‍ കാലങ്ങളിലും ഇത്തരം വിവാദങ്ങള്‍ക്ക് ബോർഡ് വിധേയമായിട്ടുണ്ട്. ജനങ്ങളെ പറ്റിക്കുന്നതിലും അപമാനിക്കുന്നതിലും മുന്‍ കാലങ്ങളിലും ബോർഡ് മുന്നില്‍ തന്നെ. എന്നും തട്ടിപ്പ് വീരന്മാരുടെ ചക്കരക്കുടമായിരുന്നു.
1971 കാലഘട്ടത്തിലാണെന്നാണ് എന്‍റെ ഓര്‍മ്മ. കലയുടെ വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ ആദരിക്കുക എന്നൊരു ഏര്‍പ്പാട് ബോര്‍ഡ് നടത്തി വന്നു. സ്വര്‍ണ്ണപ്പതക്കവും പൊന്നാടയുമെല്ലാം നല്‍കിയാണ് ആദരിച്ചിരുന്നത്.ഇതിനുവേണ്ടി തിരുവിതാംകൂര്‍ രാജാവ് കുറെ സ്വര്‍ണ്ണം ബോർഡിന് നല്‍കുകയും ചെയ്തു.. പരിപാടി കെങ്കേമമായി നടന്നു.
പക്ഷെ കാലപ്പഴക്കത്തില്‍ സ്വര്‍ണ്ണപ്പതക്കത്തിന്‍റെ നിറം മങ്ങുകയും ചെമ്പ് തെളിയുകയും ചെയ്തു.അപ്പോഴാണ് പതക്കങ്ങള്‍ വ്യാജമാണെന്ന് കലാകാരന്മാര്‍ക്ക് മനസിലായത്. തുടര്‍ന്നു വാര്‍ത്ത പരക്കുകയും പ്രതിഷേധമുയരുകയും ചെയ്തു. കാലം കടന്നതോടെ വഞ്ചിതരായ കലാകാരന്മാര്‍ പത്തി മടക്കി… കോലാഹലങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു
