തിരുവനന്തപുരം: കേരള ഫോക്‌ലോർ അക്കാദമിയുടെ 2024ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് സെക്രട്ടറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
അവാർഡിന് അർഹരായവർ
ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നമ്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജ്ജുനനൃത്തം), ടി.പി. കുമാരൻ (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നമ്പൂതിരി (തിടമ്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), ആർ. തുളസീധരൻ പിള്ള (കാക്കാരശ്ശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി.
15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്‍ററിയ്ക്ക് ഡോ. പത്മനാഭൻ കാവുമ്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക. 35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എം.എ ഫോക്‌ലോർ അവാർഡിനും അർഹരായി.
നാടൻ കലകളെയും നാടോടി വിജ്ഞാനത്തെയും പരിപോഷിക്കുക എന്നതാണ് ലക്ഷ്യം
നാടൻ കലകളെയും നാടോടി വിജ്ഞാനത്തെയും നിലനിർത്തുകയും പരിപോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കേരള ഫോക്ലോർ അക്കാദമി വിവിധ ഫെല്ലോഷിപ്പുകളും അവാർഡുകളും നൽകിവരുന്നത്. നാടൻ കലാരംഗത്തെ സമഗ്ര സംഭാവനയ് സാംസ്കാരിക വകുപ്പ് നൽകിവരുന്ന ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്ത്രി പത്രവും അടങ്ങുന്ന പി.കെ. കാളൻ പുരസ്കാരത്തിന് പുറമെയാണ് അക്കാദമി ഈ പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.
