അത്രമേൽ ഞങ്ങൾ സ്നേഹിക്കയാൽ ഇനി നിന്നെ കൊല്ലട്ടെ -സ്പെഷ്യൽസ്റ്റോറി, തയ്യാറാക്കിയത് ബാബു പുളിമൂട്ടിൽ

നമ്മൾ താലോലിച്ച് കൈക്കുടന്നയിൽ വെച്ച് ലാളിക്കുന്ന കുഞ്ഞിനെ കൊല്ലാനുള്ള എഗ്രിമെൻ്റിൽ ഒപ്പിടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ?അല്ലെങ്കിൽ നമ്മുടെ നൂറായിരം പിടിവാശികൾ സാധിച്ചു തരാൻ ആരുമറിയാതെ സ്വന്തം വേദനകൾ ഉള്ളിലൊളിപ്പിച്ചിരുന്ന പ്രിയപ്പെട്ട അച്ഛനമ്മമാരുടെ ജീവൻ അവസാനിപ്പിക്കാനുള്ള ഒരു പ്രമാണത്തിൽ ഒപ്പിടുന്നതിനെക്കുറിച്ച്..ആലോചിക്കാൻ പോയിട്ട് അങ്ങനെയൊന്നു കേൾക്കുന്നതു പോലും ഭയാനകം എന്നായിരിക്കും മനസ്സാക്ഷിയുള്ളവരെല്ലാം പറയുക.. അതു ശരിയുമാണ്. മനുഷ്യത്വത്തിൻ്റെ മാനദണ്ഡങ്ങളിൽ ഒന്നാണ് മക്കളോടും മാതാപിതാക്കളോടുമൊക്കെയുള്ള സ്നേഹവും കരുതലുമൊക്കെ.. വ്യക്തിബന്ധങ്ങൾക്കപ്പുറം എല്ലാ മനുഷ്യരേയും സ്നേഹിക്കാൻ കഴിയുമ്പോൾ അത് ഉന്നതമായ മാനവികതയാകും. മറ്റു ജീവിജാലങ്ങളെക്കൂടി സ്നേഹിക്കാൻ കഴിയുന്നതോടെ ബുദ്ധനേപ്പോലേയും ക്രിസ്തുവിനെപ്പോലേയും മനുഷ്യ മഹത്വത്തിൻ്റെ അത്യുന്നിതികളിൽ എത്തപ്പെട്ടതായി ലോകം വിലയിരുത്തും.

അങ്ങനെയുള്ള മാതാപിതാക്കളായിരുന്നു ഉത്തർപ്രദേശിലെ നോയിഡ സ്വദേശികളായ അശോക്റാണയും നിർമ്മല റാണയും.അരുമ മകനായ ഹരീഷിൻ്റെ പിറവി മുതൽ ഓരോ ചലനങ്ങളിലും ഉൾപ്പുളകമണിഞ്ഞവർ. വളരെ വളരെ ഉയരങ്ങളിലേയ്ക്ക് അവൻ ചുവടുവെച്ചുയരണമെന്ന് എന്നും സ്വപ്നം കണ്ടവർ..അവർ സുപ്രീംകോടതിയുടെ മുമ്പിൽ ഒരപേക്ഷയുമായി എത്തി. തങ്ങളുടെ മകനെ മരിക്കാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഇതുവരെ ദയാവധം അനുവദിക്കാത്ത രാജ്യമാണ് ഇന്ത്യ.നിഷ്ക്രിയ ദയാവധത്തിന് ആണ്നിയമപരമായി അനുമതിയുള്ളത്. അതും മുമ്പ് നടപ്പിലാക്കിയിട്ടില്ല..

ജീവന് അത്രമേൽ പവിത്രത കല്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. ആ രാജ്യത്തിൻ്റെ നിയമവ്യവസ്ഥയ്ക്കു മുമ്പിലാണ് ഇത്തരമൊരാവശ്യ വുമായി ആ മാതാപിതാക്കളെത്തിയത്.പതിമൂന്നു വർഷങ്ങൾക്കുമുമ്പ് ഒരാഘോഷത്തിൽ പങ്കെടുക്കുമ്പോൾ കോളജ് കെട്ടിടത്തിൻ്റെ നാലാംനിലയിൽ നിന്ന് അബദ്ധത്തിൽ താഴെ വീണ് തലച്ചോറു തകർന്ന മകൻ അന്നുമുതൽ ജീവശവമായി ആ മാതാപിതാക്കളുടെ കൺമുമ്പിലുണ്ട്. ഡൽഹി എയിംസിൽ ആശുപത്രി ഉപകരണങ്ങൾ ആ ജീവനെ പൊതിഞ്ഞു സംരക്ഷിക്കുകയാണ്.കണ്ണുകൾ ചലിക്കുന്നതു മാത്രമാണ് ജീവൻ്റെ ലക്ഷണം. വിശപ്പു പോലും തിരിച്ചറിയാൻ ആകാത്ത വിധം ആകെ ശിഥിലമാണ് ആ ശരീരവ്യവസ്ഥ. മുമ്പിൽ സംഭവിക്കുന്ന തെന്തെങ്കിലും തങ്ങളുടെ മകന് അറിയാൻ കഴിയുന്നുണ്ടൊ എന്നവർക്കറിയില്ല..

ഒത്തിരി ഉയരങ്ങൾ കീഴടക്കണമെന്ന് ആഗ്രഹിച്ച മകൻ്റെ ഉയരങ്ങളിൽ നിന്നുള്ള ആ വീഴ്ച്ച തകർത്ത മനസ്സുമായി പതിമൂന്നു വർഷം ആ മാതാപിതാക്കൾ കടന്നുപോയി.അവനനുഭവിച്ചതിനേക്കാൾ വേദന അവനെ ഓർത്ത് എന്നും അവർ കുടിച്ചിറക്കി. അവൻ്റെ വേദനകൾക്ക് നിത്യവിരാമത്തിന് കാലമായെന്ന് അവർക്കു തോന്നി. നാലുദിനമൊ നാലുവർഷമൊ നാല്പതുവർഷമൊ തങ്ങൾ സംരക്ഷിച്ചാലും മകൻ ജീവിച്ചിരിക്കുന്നു എന്ന മാതാപിതാക്കളുടെ തൃപ്തിയല്ലാതെ അവന് ആസ്വദിക്കാനായി ഒരു സന്തോഷവും നൽകാൻ തങ്ങൾക്ക് ആവില്ലെന്ന് അവരറിഞ്ഞു. തങ്ങളുടെ തൃപ്തിയ്ക്കുവേണ്ടി അവനിനിയും വേദന തിന്നരുത് എന്ന് തീരുമാനിച്ചതു കൊണ്ടാണ് അവർ കോടതിയിലെത്തിയത്. കോടതി എല്ലാം പരിശോധിച്ചു. നിഷ്ക്രിയ വധത്തിന് അനുമതി നൽകി. അപ്പോഴും ആ ജീവനോടുള്ള കരുതൽ ഓരോ വിധി വാചകത്തിലും തുളുമ്പി നിന്നു.

അഗാധമായ കാരുണ്യത്തിൻ്റെയും ധൈര്യത്തിൻ്റെയും പ്രവൃത്തി ആണിത്. ആ ജീവനെ നിർബന്ധമായി ഇല്ലാതാക്കുകയാണ് എന്ന് തോന്നാത്ത വിധമാകണം ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ. അന്തസ്സായി ജീവിക്കാൻ ഉള്ള അവകാശം പോലെതന്നെ പരമപ്രാധാന്യമുള്ളതാണ് അന്തസ്സായി മരിക്കാനുള്ള അവകാശവും. മാതാപിതാക്കൾക്ക് ഈ മകനെ വേണ്ടാതായതുകൊണ്ടല്ല, അത്രമേൽ അവർ അവനെ സ്നേഹിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്. ജസ്റ്റീസ് ജെ.ബി.പർദിവാല, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിൻ്റെ ഈ വിധി വാചകം ഇനിയുള്ള കാലത്ത് ഭാരതത്തിൽ ഉണ്ടാകാനിടയുള്ള സമാനവിധികളുടെ മാർഗനിർദേശമായി മാറും.

*ഇന്ത്യയിൽ ആദ്യമെങ്കിലും
പല രാജ്യങ്ങളിലും നിത്യ സംഭവം*

ഇന്ത്യയിൽ ഇത് ആദ്യത്തെ സംഭവമാണെങ്കിലും നിരവധി വിദേശരാജ്യങ്ങളിൽ ദയാവധം സാധാരണമായിട്ടുണ്ട്. നെതർലാൻഡ്സിൽ മാത്രം 2001-ലെ നിയമവിധേയമാക്കലിന് ശേഷം ഏകദേശം 1,000 ദയാവധങ്ങൾ ഒരു വർഷത്തിൽ നടക്കുന്നുണ്ട്. 2022-ൽ രാജ്യത്തെ അഞ്ച് ശതമാനം മരണങ്ങളും ദയാവധങ്ങളായിരുന്നു.
നെതർലാൻഡ്‌സ്: 2002-ൽ ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യമായി.
– ബെൽജിയം: 2002-ൽ ദയാവധം നിയമവിധേയമാക്കി
– സ്വിറ്റ്സർലാൻഡ്: ആത്മഹത്യയെ സഹായിക്കുന്നത് നിയമവിധേയമാണ്
– കാനഡ: 2016-ൽ ദയാവധം നിയമവിധേയമാക്കി
– ഓസ്ട്രേലിയ: ചില സംസ്ഥാനങ്ങളിൽ ദയാവധം നിയമവിധേയമാണ്
– പോർച്ചുഗൽ: 2021-ൽ ദയാവധം നിയമവിധേയമാക്കി
– സ്പെയിൻ: 2020-ൽ ദയാവധം നിയമവിധേയമാക്കി
– ന്യൂസിലാൻഡ്: 2021-ൽ ദയാവധം നിയമവിധേയമാക്കി
– ഉറുഗ്വേ: 2022-ൽ ദയാവധം നിയമവിധേയമാക്കി

യു.എസ്.എ.യിലെ 10 സ്റ്റേറ്റുകൾ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്: കാലിഫോർണിയ, കൊളോറാഡോ, ഹവായ്, മെയ്ൻ, മോണ്ടാന, ന്യൂ ജേഴ്സി, ന്യൂ മെക്സിക്കോ, ഒറിഗൺ, വെർമോണ്ട്, വാഷിംഗ്ടൺ എന്നിവയാണ് ആ സംസ്ഥാനങ്ങൾ.ഇന്ത്യയിൽ, നിഷ്ക്രിയ ദയാവധം 2018-ൽ സുപ്രീം കോടതി നിയമവിധേയമാക്കി

ദയാവധം സ്വയം തേടുന്നവർ

നെതർലാൻഡ്‌സ്, ബെൽജിയം, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കണക്ക് അനുസരിച്ച്, സ്വയം ദയാവധം ആവശ്യപ്പെടുന്നവരാണ് കൂടുതൽ. നെതർലാൻഡ്‌സിൽ 2022-ൽ നടന്ന ദയാവധങ്ങളിൽ 97% സ്വയം ആവശ്യപ്പെട്ടതായിരുന്നു.സ്വയം ദയാവധം ആവശ്യപ്പെടുന്നവരിൽ പലരും കാൻസർ, മൾട്ടിപ്പിൾ സ്ക്ലെറോസിസ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരാണ്. പല രാജ്യങ്ങളിലും ബന്ധുക്കൾ ഉൾപ്പെടെ മറ്റുള്ളവർ ആവശ്യപ്പെട്ട് നടത്തിയ ദയാവധങ്ങൾ വളരെ കുറവാണ്. നെതർലാൻഡ്‌സിൽ 2022-ൽ നടന്ന ദയാവധങ്ങളിൽ 3% മാത്രമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. ബെൽജിയത്തിൽ 2022-ൽ നടന്ന ദയാവധങ്ങളിൽ 1.7% മാത്രമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.

മാന്യമായി ജീവിക്കാനുള്ള അവകാശത്തിൻ്റെ സാക്ഷാത്കാരം

ലോകം ക്രമങ്ങളും ജീവിതം സങ്കല്പങ്ങളും അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. നാളെകളിൽ ദയാവധം തേടുന്നവർ നമ്മുടെ പരിസരങ്ങളിലും ഉണ്ടായേക്കാം. അവരുടെ ബന്ധുക്കളൊ, കുടുംബാംഗങ്ങളൊ അവരെ വെറുത്തു കൊണ്ടല്ല, മാന്യമായി ജീവിക്കാനുള്ള അവകാശത്തിൻ്റെ സാക്ഷാത്കാരമായി അതിനെ നമ്മുക്ക് തിരിച്ചറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →