ന്യൂഡൽഹി: വിവരാവകാശ നിയമത്തിലെ ‘പബ്ലിക് അഥോറിറ്റി’ എന്ന വിഭാഗത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഉൾപ്പെടുമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സുതാര്യത വർധിപ്പിക്കുന്നതാണെന്നും അതിനാൽ ഇടപെടൽ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ സിയാൽ മാനേജിംഗ് ഡയറക്ടർക്കു ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ നടപടി സുപ്രീംകോടതി ഒഴിവാക്കി.
കമ്പനി നിയമപ്രകാരമാണു സിയാൽ രൂപവത്കരിച്ചതെന്നും , വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു സിയാലിന്റെ വാദം.
വിവരാവകാശ നിയമപ്രകാരം ബോർഡ് മീറ്റിംഗിന്റെ മിനിറ്റ്സ് നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ 2019 ജൂണിലെ ഉത്തരവിനെതിരേയാണു സിയാൽ ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി നിയമപ്രകാരമാണു സിയാൽ രൂപവത്കരിച്ചതെന്നും അതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു സിയാലിന്റെ വാദം.എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഈ വാദം നിരസിക്കുകയായിരുന്നു. വിവരാവകാശ നിയമം പൂർണമായും പാലിക്കുന്നതിന് ആവശ്യമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി സിയാലിനോട് ആവശ്യപ്പെട്ടിരുന്നു.
