തിരുവനന്തപുരം | വയനാട്ടിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന തുരങ്കപാതയുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
പാറ തുരക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍ മേപ്പാടിയില്‍ എത്തിച്ചിട്ടുണ്ട്
തുരങ്കപാത നിര്‍മാണം അതിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. പാറ തുരക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍ മേപ്പാടിയില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മുറിപ്പുഴയിലാണ് പാറതുരയ്ക്കല്‍ ആരംഭിക്കുക. ഇതേ സമയം തന്നെ മേപ്പാടിയിലും പാതതുരക്കല്‍ ആരംഭിക്കും. തുരങ്കപാതക്ക് ആദ്യഘട്ട അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തുരങ്കപ്പാത നിര്‍മിക്കുക.
.
‘ഡല്‍ഹി ബില്‍ഡ്കോണ്‍ ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് നിര്‍മാണ കരാര്‍
1,500 കോടി രൂപ ചെലവിലാണ് തുരങ്കപാതയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കൊങ്കണ്‍ റെയില്‍വേയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ‘ഡല്‍ഹി ബില്‍ഡ്കോണ്‍ ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് 1,341 കോടിക്ക് പാതയുടെ നിര്‍മാണ കരാര്‍ നാലു വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത്. .തുരങ്കപാത വരുന്നതോടെ വയനാട്, കോഴിക്കോട് ജനതയുടെ യാത്രാക്ലേശത്തിന് ശ്വാശ്വതമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. .
