തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് (ജനുവരി 20) ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം.
കേന്ദ്ര വിരുദ്ധ ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിടും
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ബജറ്റിൻ മേലുള്ള ചർച്ച പൂർത്തിയാക്കി പാസാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കും.അതേസമയം കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ ഇത്തവണയുണ്ടാകില്ല. കാനത്തിൽ ജമീല നവംബറിൽ മരിച്ചിരുന്നു. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു, ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും സഭയിലുണ്ടായിരിക്കില്ല.
