തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജു അപ്പീൽ നൽകി. അപ്പീലിന്മേലുള്ള വാദം കോടതി ഇന്നു പരിഗണിക്കും. നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മുൻമന്ത്രിക്ക് മൂന്നു വർഷം വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട അപ്പീലാണ് കോടതിയിൽ സമർപ്പിച്ചത്.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്കു ശിക്ഷയിൽനിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷ ഏഴു വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നതു വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
