ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭത്തെ തുടർന്ന് 12,000 പേർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ്. സുരക്ഷാ സേനയുടെ ആക്രമണത്തിലാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടതെന്ന വാദമാണ് ഇറാൻ ഇന്റർനാഷണൽ ഉയർത്തിയിരിക്കുന്നത്.ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് വെബ്സൈറ്റിന്റെ ആരോപണം. വിവിധ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം ഇറാനിൽ 600ഓളം പേരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണെന്നും ആരോപിക്കുന്നു
ജനുവരി എട്ട്, ഒൻപത് തീയതികളിലായാണ് മിക്ക കൊലപാതകങ്ങളും സംഭവിച്ചതെന്ന് ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കുന്നത്. ആസൂത്രിത അക്രമമാണ് നടന്നതെന്ന് പറയുന്ന റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണെന്നും ആരോപിക്കുന്നു. ഇറാന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ പ്രസിഡന്റിന്റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്സാക്ഷികൾ എന്നിവരിൽ നിന്നായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.
ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന സേനകളാണ് കൂട്ടകൊലപാതകങ്ങൾ നടത്തിയതെന്ന് ആരോപണം.
ആയത്തുള്ള അലി ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനകളുമാണ് കൂട്ടകൊലപാതകങ്ങൾ നടത്തിയതെന്നാണ് ഇറാൻ ഇന്റർനാഷണലിന്റെ ആരോപണം. അതേസമയം ഇറാനിലെ അധികൃതർ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
