അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി

തൊടുപുഴ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് തന്റെയും നിലപാടെന്നും ,ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണെന്നുമായിരുന്നു മണിയുടെ തിരുത്ത്. അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നു പറഞ്ഞ പാര്‍ട്ടിയുടെ നിലപാടു തന്നെയാണ് എന്റെയും നിലപാട്. ജനറല്‍ സെക്രട്ടറി പറഞ്ഞതിനോട് യോജിക്കുന്നുവെന്നും എംഎം മണി പറഞ്ഞു .പാര്‍ട്ടി പറഞ്ഞതിനോട് വ്യത്യസ്ത നിലപാടൊന്നുമില്ല. വികസന പ്രവര്‍ത്തനങ്ങളും ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നു. അതില്‍ അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് പറഞ്ഞതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. നേതാക്കളാരും വിളിക്കുകയോ, പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു

ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു എംഎം മണി ഇടത് മുന്നണിയുടെ തിരഞ്ഞെടപ്പ് പരാജയത്തില്‍ പ്രതികരിച്ചത്. നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാര്‍ക്കെതിരായ അധിക്ഷേപ പ്രസ്താവന വലിയ വിവാദമാവുകയും പാര്‍ട്ടി തന്നെ തള്ളിപ്പറയുകയും ചെയ്തതിന് പിറകെയാണ് എംഎം മണി തിരുത്തുമായി ഇന്ന് എത്തിയത് .എന്തായിരുന്നാലും ഇന്നലെ നടത്തിയ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →