കവി കെ. ടി. കൃഷ്ണവാര്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് സ്‌മൃതിപുരസ്കാരം ശ്രീ. കെ. വി. രാമകൃഷ്ണന് ഡിസംബർ 6 ശനിയാഴ്ച, സമ്മാനിക്കും. കവിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ശ്രീ. രാമകൃഷ്ണൻ്റെ വസതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ കവിപത്നി ജയശ്രീ വാരിയർ പുരസ്കാരം സമ്മാനിക്കും. ശ്രീ. രാമകൃഷ്ണൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം നൽകുന്നത്. പ്രഥമ പുരസ്കാരം കവി എൻ. കെ. ദേശത്തിനും, രണ്ടാമത്തെ പുരസ്കാരം ഡോ. എം. ലീലാവതിയ്ക്കുമാണ് നൽകിയത്.
കെ. വി. രാമകൃഷ്ണൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ
കേരള സാഹിത്യ അക്കാദമി അവാർഡുനേടിയ ‘അക്ഷരവിദ്യ’, കനക ശ്രീ അവാർഡുനേടിയ ‘കൊട്ടും ചിരിയും’, കക്കാട് അവാർഡും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാഹിത്യപുരസ്‌കാരവും മൂടാടി ദാമോദരൻ അവാർഡും നേടിയ ‘രാജശില്പി’ എന്നിവയ്ക്കു പുറമെ, ‘വരണ്ട ഗംഗ’, ‘അഗ്നിശുദ്ധി’, ‘കെടാവിളക്ക്’, ‘നാഴികവട്ട’, ‘ചതുരംഗം’, ‘പുതിയ സാരഥി’ മുതലായവയാണ് ശ്രീ. രാമകൃഷ്ണന്റെ മുഖ്യകവിതാസമാഹാരങ്ങൾ. ‘കവിതയും താളവും’, ‘കാവ്യചിന്തകൾ ‘ തുടങ്ങിയവ ലേഖനസമാഹാരങ്ങൾ. ‘കനൽചുവടുകൾ’ അദ്ദേഹത്തിന്റെ ആത്മകഥ.
