ലണ്ടൻ: ബ്രിട്ടനിൽ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളയാൻ നടപടി തുടങ്ങി. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം വ്യാഴാഴ്ച ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരുപാടു വിവാദങ്ങളിൽപ്പെട്ട ആൻഡ്രു രാജകുമാരൻ രാജകുടുംബത്തിന് പേരുദോഷമുണ്ടാക്കാതിരിക്കുന്നതിനാണ് നീക്കം. ആൻഡ്രുവിന്റെ രാജകുമാരൻ എന്ന പദവിയും എടുത്തുമാറ്റും. ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്സർ എന്നാകും ഇനി ആൻഡ്രു രാജകുമാരൻ അറിയപ്പെടുക.
ബക്കിംഗ്ഹാം കൊട്ടാരത്തിൽനിന്ന് സാന്ഡ്രിംഗാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്കാകും ആൻഡ്രു മാറുക
.
ബക്കിംഗ്ഹാം കൊട്ടാരത്തിൽനിന്ന് സാന്ഡ്രിംഗാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്കാകും ആൻഡ്രു മാറുക. ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും. കൊട്ടാരത്തിൽ കഴിയാനുള്ള അനുമതി തിരികെ നൽകണമെന്നും സ്വകാര്യ താമസസ്ഥലത്തേക്കു മാറണമെന്നും കത്തിൽ ആൻഡ്രു രാജകുമാരന് നിർദേശം നൽകിയിട്ടുണ്ട്.തനിക്കുനേരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ആൻഡ്രു രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു.
രാജകീയ പദവികൾ സ്വമേധയാ ഉപേക്ഷിച്ചിരുന്നു
വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടർന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേൽപിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. ആരോപണങ്ങളെല്ലാം തള്ളിയ ആൻഡ്രു നേരത്തെ ചാൾസ് രാജാവുമായി ചർച്ച നടത്തിയശേഷം രാജകീയ പദവികൾ സ്വമേധയാ ഉപേക്ഷിച്ചിരുന്നു
