തിരുവനന്തപുരം: മാലദ്വീപില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ കടുത്ത നിയന്ത്രണം. നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന പ്രതിമാസ തുക 150 യു.എസ് ഡോളറായാണ് (ഏകദേശം 12,500 രൂപ) വെട്ടിച്ചുരുക്കിയത്. നേരത്തെയത് 1000 ഡോളറായിരുന്നു. ദ്വീപിലെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ കുറവ് മൂലമാണ് ഈ ക്രമീകരണം. ഒട്ടേറെ അദ്ധ്യാപകരടക്കം മാലദ്വീപില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.
വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് റിക്രൂട്മെന്റ് ഏജന്‍സികള്‍ വഴി കേരളത്തില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുന്നത്.
ഇത്രയും കുറഞ്ഞ തുകയില്‍ നാട്ടിലെ കുടുംബച്ചെലവ് നടത്താനോ, വായ്പ തിരിച്ചടയ്ക്കാനോ, ലക്ഷങ്ങളുടെ വായ്പ തിരിച്ചടയ്ക്കാനോ ആകുന്നില്ല. വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് റിക്രൂട്മെന്റ് ഏജന്‍സികള്‍ വഴി കേരളത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുന്നത്. ജോലികളിലേറെയും 20,000 മാല്‍ഡീവിയന്‍ റുഫിയ (എം.വി.ആര്.മാലദ്വീപ് കറന്‍സി ) ശമ്പളം ലഭിക്കുന്നവയാണ്. ഇന്ത്യന്‍ കറന്‍സിയുമായി താരതമ്യപെടുത്തുമ്പോള്‍ ഇത് ലക്ഷം രൂപയാണ്.
കെ.രാധാകൃഷ്ണന് എം.പിക്ക് നിവേദനം നല്കി.
ഇത് സംബന്ധിച്ച് അദ്ധ്യാപകരടക്കമുള്ളവര്‍ കെ.രാധാകൃഷ്ണന് എം.പിക്ക് നിവേദനം നല്കി. നിയന്ത്രണം നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്, വിദേശകാര്യ മന്ത്രി ഡോ: എസ്.ജയശങ്കര്‍ എന്നിവര്‍ക്ക് എം.പി കത്തയച്ചു. മാലദ്വീപ് സര്‍ക്കാരുമായി സംസാരിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു
