സംസ്ഥാനത്തെ കോടതികളിൽ ഇനി നിർമിതബുദ്ധിയുടെ സഹായത്തോടെ കേസുകൾ നടത്താനൊരുങ്ങുന്നു

പാലക്കാട് | സംസ്ഥാനത്തെ കോടതികൾ കേസ് നടത്തിപ്പിലെ കാലതാമസത്തിനൊപ്പം കൃത്യതയും ഉറപ്പാക്കാൻ നടപടിക്രമങ്ങൾ നിർമിതബുദ്ധിയുടെ (എ ഐ) സഹായത്തോടെ നടത്താനൊരുങ്ങുന്നു. എല്ലാ ജില്ലാ കോടതികളിലും സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീച്ച് ടു ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ ഉപകരണമായ “അദാലത്ത് എ ഐ’ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് കോടതി അധികൃതർ വ്യക്തമാക്കി. ഇതുവരെ സാക്ഷിമൊഴികൾ ജഡ്ജിമാർ എഴുതി സൂക്ഷിക്കുകയോ കോടതി ജീവനക്കാർ ടൈപ്പ് ചെയ്യുകയോ ആയിരുന്നു ചെയ്തിരുന്നത്.

മൊഴികളിൽ കൃത്യത വരുത്താൻ സാധിക്കും

എ ഐ അധിഷ്ഠിത ട്രാൻസ്‌ക്രിപ്ഷനിലേക്ക് മാറുന്നതിലൂടെ മൊഴികളിൽ കൃത്യത വരുത്താൻ സാധിക്കുമെന്നാണ് കേരള ഹൈക്കോടതി ഐ ടി വിഭാഗം പറയുന്നത്. പല ജില്ലാ കോടതികളിലും ടൈപ്പിസ്റ്റുകളുടെ കുറവ് കാരണം ജഡ്ജിമാർ സാക്ഷി മൊഴികൾ കൈകൊണ്ട് എഴുതേണ്ട സാഹചര്യം സംജാതമാകുന്നുണ്ടെന്നും എ ഐ സംവിധാനം വരുന്നതോടെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. എ ഐ സംവിധാനത്തിൽ മാനുഷിക ഇടപെടൽ വരുന്നില്ലെന്നതാണ് പ്രത്യേകത.

നടപടികളുടെ ക്ലീൻ കോപ്പികൾക്കായി കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാകും

അവിടെ ജഡ്ജിയും ട്രാൻസ്‌ക്രിപ്ഷൻ യന്ത്രവും മാത്രമേ ഉണ്ടാകൂ. ജഡ്ജി രേഖപ്പെടുത്തുന്നത് സാക്ഷിക്ക് കാണാൻ കഴിയുന്ന തരത്തിൽ വിറ്റ്നസ് ബോക്സിൽ ഒരു സ്‌ക്രീൻ നൽകും. എ ഐ ഉപകരണം സാക്ഷിയുടെ മൊഴി ട്രാൻസ്ക്രൈബ് ചെയ്യാൻ ഉപയോഗിക്കും. സാക്ഷിക്ക് മൊഴി പരിശോധിച്ചതിനു ശേഷം ഒപ്പിടാം. മൊഴിയുടെ ഒരു പകർപ്പ് ഉടൻ തന്നെ ക്ലൗഡിൽ അപ്‌ലോഡ് ചെയ്യാനും കക്ഷികളുടെ രജിസ്റ്റർ ചെയ്ത അഭിഭാഷകർക്ക് ഓൺലൈനായി മൊഴികൾ വായിക്കാനും കഴിയും. ഇത് നടപടികളുടെ ക്ലീൻ കോപ്പികൾക്കായി കാത്തിരിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കുമെന്നാണ് കോടതി ജീവനക്കാർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →