ഗസ്സ സിറ്റി | ഗസ്സയിൽ നിന്നുള്ള ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ (initial withdrawal line) ഹമാസിന് കൈമാറിയതായി യു എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് ഇത് അംഗീകരിക്കുന്നതോടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരികയും തടവുകാരെ കൈമാറുന്ന നടപടികൾ ആരംഭിക്കുകയും ചെയ്യും. ഇത് ഫലസ്തീൻ പ്രദേശം വിട്ടുള്ള ഇസ്റായേലിന്റെ അടുത്ത ഘട്ടം പിൻമാറ്റത്തിന് വഴിയൊരുക്കുമെന്നും ട്രംപ് വ്യക്തമാക്കി.
3,000 വർഷം പഴക്കമുള്ള ദുരന്തത്തിൻ്റെ അവസാനത്തിലേക്ക്
ചർച്ചകൾക്ക് ശേഷം, ഞങ്ങൾ ഹമാസിനെ കാണിക്കുകയും കൈമാറുകയും ചെയ്ത പ്രാരംഭ പിൻമാറ്റരേഖയ്ക്ക് ഇസ്റായേൽ അംഗീകാരം നൽകിയിട്ടുണ്ട്. ഹമാസ് ഇത് സ്ഥിരീകരിക്കുന്നതോടെ, വെടിനിർത്തൽ ഉടൻ നിലവിൽ വരും. ബന്ദികളെയും തടവുകാരെയും കൈമാറുന്നത് ആരംഭിക്കും. 3,000 വർഷം പഴക്കമുള്ള ദുരന്തത്തിൻ്റെ അവസാനത്തിലേക്ക് നമ്മെ അടുപ്പിക്കുന്ന അടുത്ത ഘട്ടം പിൻമാറ്റത്തിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ സൃഷ്ടിക്കും. ഈ വിഷയത്തിലുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി, തുടർ വിവരങ്ങൾക്കായി കാത്തിരിക്കുക!” – ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ആയുധം വെച്ച് കീഴടങ്ങിയില്ലെങ്കിൽ എല്ലാ ഉടമ്പടികളും ഇല്ലാതാകുമെന്ന് മുന്നറിയിപ്പും
യുദ്ധം തകർത്ത ഗസ്സയ്ക്കായുള്ള തൻ്റെ സമാധാന പദ്ധതി വേഗത്തിൽ അംഗീകരിക്കാൻ അദ്ദേഹം ഹമാസിനോട് ആവശ്യപ്പെട്ടു. ഒരു കാലതാമസവും സഹിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹമാസ് പോരാട്ടം അവസാനിപ്പിച്ച്, ആയുധം വെച്ച് കീഴടങ്ങിയില്ലെങ്കിൽ എല്ലാ ഉടമ്പടികളും ഇല്ലാതാകുമെന്ന് മുന്നറിയിപ്പും നൽകി.
പരോക്ഷ ചർച്ചകൾ തിങ്കളാഴ്ച ഈജിപ്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷ
അതേസമയം, എല്ലാ ബന്ദികളുടെയും മോചനം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്റായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകൾ തിങ്കളാഴ്ച ഈജിപ്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഹമാസ് പൂർണ്ണമായും വ്യവസ്ഥകൾ അംഗീകരിക്കുമോ, ഇസ്റാഈലിന്റെ സുരക്ഷാ ആശങ്കകൾ എങ്ങനെ കൈകാര്യം ചെയ്യും തുടങ്ങിയ പ്രധാന കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ഗസ്സയിൽ നിന്ന് പൂർണ്ണമായി പിന്മാറില്ലെന്ന് നെതന്യാഹു നേരത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
