തിരുവനന്തപുരം: തട്ടിപ്പുകാർക്ക് വാടകയ്ക്കുനൽകുന്ന ബാങ്ക് അക്കൗണ്ടെന്ന (മ്യൂൾ അക്കൗണ്ട്) സംശയത്തിൽ ഒന്നരക്കൊല്ലത്തിനിടെ സൈബർ പോലീസ് മരവിപ്പിച്ചത് എഴുപതിനായിരത്തോളം അക്കൗണ്ടുകൾ. എന്നാൽ, ഇവ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെയും കോടതിയെയും സമീപിച്ചത് അയ്യായിരത്തിൽത്താഴെ അക്കൗണ്ടുടമകൾമാത്രം. ഉടമകളിൽ ഭൂരിഭാഗവും ബാങ്കുകളെ സമീപിക്കാത്തത് അക്കൗണ്ടുകൾ വാടകയാണെന്നതിനാലാണെന്ന് പോലീസ് പറയുന്നു.
ബാങ്ക് അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് നിർദേശം
തട്ടിപ്പ് പണം നേരിട്ടെത്തിയെന്ന് സംശയിക്കുന്ന അക്കൗണ്ടുകൾ മാത്രമാണ് ഇതുവരെ മരവിപ്പിച്ചത്. അക്കൗണ്ടുകൾ നൽകുന്നതിലും പണമിടപാടുകൾ നിരീക്ഷിക്കുന്നതിലും ബാങ്ക് അധികൃതരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ബാങ്ക്-പോലീസ് അധികൃതരുടെ യോഗത്തിൽ നിർദേശമുയർന്നു. കൃത്യമായി കെവൈസി പരിശോധനകൾ നടത്താതെയും നിരീക്ഷണം നടത്താതെയുമുള്ള ഇത്രയധികം അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നത് സൈബർ വിഭാഗത്തെയും ഞെട്ടിച്ചിട്ടുണ്ട്.
