വെസ്റ്റ് ബാങ്ക്: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനു പിന്നാലെ ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി. 1917-നും 1948-നും ഇടയിൽ ബ്രിട്ടീഷുകാർ ഭരിച്ചതിന് നഷ്ടപരിഹാരമായി 2 ട്രില്യൺ പൗണ്ട് ( ഏകദേശം 240 ലക്ഷം കോടി രൂപ) നൽകണമെന്നാണ് ആവശ്യം.
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഭിന്നത
അതേസമയം, അംഗീകരം നൽകിയതിനു തൊട്ടുപിന്നാലെ പലസ്തീൻ ഈ ആവശ്യം ഉന്നയിച്ചത് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഭിന്നത സൃഷ്ടിച്ചു. ചരിത്രവിരുദ്ധമായ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കരുതെന്ന് നിലപാട് എടുക്കുകയും ചെയ്തു. അംഗീകാരം തെറ്റായിരുന്നുവെന്ന് റിഫോം യുകെ നേതാവ് നൈജൽ ഫരാജ് പറഞ്ഞു. ലേബർ പാർട്ടിയിലെ ചില എംപിമാർ പലസ്തീനുള്ള അംഗീകാരം പ്രതീകാത്മകമാണെന്നും അത് പണം നൽകാൻ കാരണമാകുന്നില്ലെന്നും ഉറപ്പിച്ചു പറയുന്നു.
പഴയ കോളനിരാജ്യം ആദ്യമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്
നിയമവിദഗ്ദ്ധരും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നില്ല. കോളനിവൽക്കരണകാലത്ത് ബ്രിട്ടൻ അടക്കിഭരിച്ചിരുന്ന മിക്ക രാജ്യങ്ങളും നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് ഒരിക്കൽപോലും ഫലവത്തായിട്ടില്ല. എന്നാൽ, പശ്ചിമേഷ്യയിൽ പഴയ കോളനിരാജ്യം ആദ്യമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. എങ്കിലും, പലസ്തീനെ അംഗീകരിച്ച മറ്റു രാജ്യങ്ങളോടും നഷ്ടപരിഹാരം ആവശ്യപ്പെടാനുളള സാധ്യത കൂടുതലാണ്.
