കുണ്ടറ (കൊല്ലം): വിവാഹചടങ്ങിനെത്തിയ സ്ത്രീയെ കടന്നുപിടിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറായ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതില്‍ സന്തോഷ് തങ്കച്ചന്‍(38) ആണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പോലീസിനെയും ആക്രമിച്ചു. അസഭ്യവര്‍ഷവും നടത്തി. ആക്രമണത്തില്‍ പരിക്കേറ്റ സിപിഒ റിയാസ് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
സ്ത്രീയെ പ്രതി പിന്തുടര്‍ന്നെത്തി കൈയില്‍ കടന്നുപിടിക്കുകയായിരുന്നു.
സെപ്തംബർ 14 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇളംമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ഓഡിറ്റോറിയത്തില്‍ സുഹൃത്തിന്റെ വിവാഹചടങ്ങിനെത്തിയ സ്ത്രീക്ക് നേരേയാണ് സന്തോഷ് അതിക്രമം കാട്ടിയത്. കുഞ്ഞിനോടൊപ്പം വിവാഹവേദിയില്‍നിന്ന് പുറത്തേക്കിറങ്ങിയ സ്ത്രീയെ പ്രതി പിന്തുടര്‍ന്നെത്തി കൈയില്‍ കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത സ്ത്രീയുടെ ഭര്‍ത്താവിനെ അസഭ്യവും പറഞ്ഞു. ഇതോടെ വിവാഹചടങ്ങിനെത്തിയ മറ്റുള്ളവര്‍ സന്തോഷിനെ തടഞ്ഞുവെച്ച് കുണ്ടറ പോലീസിന് കൈമാറുകയായിരുന്നു.
ആക്രമണം പോലീസിന് നേരേയും
സ്റ്റേഷനില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പോലീസിന് നേരേ അസഭ്യവര്‍ഷവും ആക്രമണവുമുണ്ടായത്. ആശുപത്രിയിൽവെച്ചും പ്രതി പോലീസിന് നേരേ രൂക്ഷമായ അസഭ്യവർഷം നടത്തി. പോലീസുകാരെ കൈയേറ്റംചെയ്യാനും ശ്രമിച്ചു. സന്തോഷ് മദ്യലഹരിയില്‍ അക്രമം കാട്ടുകയായിരുന്നുവെന്ന് എസ്ഐ അംബരീഷ് പറഞ്ഞു
