പത്തനംതിട്ട |ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊലപ്പെടുത്തിയാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക ഭീഷണിയായി വന്യജീവി ആക്രമണങ്ങളും തെരുവ് നായ ശല്യവും മാറിയിരിക്കുന്നുവെന്നും ജനവാസ മേഖലകളിലേക്ക് വരുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുകയോ പിടികൂടി കൂട്ടിലടക്കുകയോ ചെയ്യണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. . കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്താ കുറിയാകോസ് മാര്‍ ക്ലീമ്മീസ് അധ്യക്ഷത വഹിച്ചു.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ വ്യവസ്ഥയുണ്ട്
അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാമെന്ന വ്യവസ്ഥ 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിലുണ്ട്. സ്വയരക്ഷയ്ക്ക് വന്യമൃഗങ്ങളെ കൊലപ്പെടുത്തേണ്ടി വന്നാല്‍ മനുഷ്യര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. അടുത്തിടെ ഒരു കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വനപാലകര്‍ സ്വയരക്ഷയ്ക്ക് കടുവയെ വെടിവെച്ചു കൊന്നപ്പോള്‍ കേസെടുക്കാത്തത് എല്ലായിടത്തും മാതൃകയാക്കണം. ജനവാസ മേഖലകളിലെ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ചുമതല പോലീസിന് നല്‍കണം
കേരളത്തില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ
ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും കേരളത്തില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് അതിരൂക്ഷമായ തെരുവുനായ ശല്യം മൂലം സംജാതമായിരിക്കുന്നത്. തെരുവ് നായകളെ കൂട്ടത്തോടെ പിടികൂടി വന്യമൃഗങ്ങള്‍ക്ക് ആഹാരമായി ഉള്‍വനങ്ങളില്‍ കൊണ്ട് തുറന്നു വിടണം. അങ്ങനെ ചെയ്താല്‍ ക്രൂര വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
