മുംബൈ | മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വയസുകാരനും ഉള്‍പ്പെടും. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ആരോഹി ഓംകാര്‍ ജോവിലിന്‍(24), ഉത്കര്‍ഷ ജോവിലിന്‍(ഒന്ന്) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 27 ബുധനാഴ്ച പുലര്‍ച്ചെ 12.05 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വസായിലെ നാരംഗി റോഡില്‍ സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍ഭാഗമാണ് തകർന്നത്. പരുക്കേറ്റവരെ വിരാറിലും നളസൊപാരയിലുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിശമനസേനയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകളും എത്തിയിരുന്നു.
