ബെംഗളൂരു: ഭാര്യയുടെ അമ്മയെ കൊന്ന് വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിലായി ഉപേക്ഷിച്ച ദന്തഡോക്ടറും രണ്ട് സഹായികളും അറസ്റ്റില്‍. തുമകൂരു ജില്ലയിലെ കൊറഡഗരെയില്‍ നടന്ന സംഭവത്തില്‍ ഡോ. രാമചന്ദ്രപ്പ (47), കെ.എന്‍. സതീഷ് (38), കെ.എസ്. കിരണ്‍ (32) എന്നിവരാണ് പിടിയിലായത്. രാമചന്ദ്രപ്പയുടെ ഭാര്യാമാതാവ് ലക്ഷ്മിദേവിയെയാണ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ തിനുശേഷം ശരീരഭാഗങ്ങള്‍ 19 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്.
പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞനിലയില്‍ അഴുകിയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
ഓഗസ്റ്റ് ഏഴിനാണ് കൊറഡഗരെയിലെ വിവിധയിടങ്ങളില്‍ പല പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞനിലയില്‍ അഴുകിയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലക്ഷ്മിയുടെ തലയും കണ്ടെടുത്തു. തുടര്‍ന്നാണ് സംശയം മരുമകനായ രാമചന്ദ്രപ്പയിലേക്കു നീണ്ടത്. ലക്ഷ്മിയുടെ മകളുമായുള്ളത് രാമചന്ദ്രപ്പയുടെ രണ്ടാം വിവാഹമായിരുന്നു.പലരുമായും ലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടെന്നും മകളെയും ഇതിനായി പ്രേരിപ്പിച്ചെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് രാമചന്ദ്രപ്പ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ശരീരം കഷ്ണങ്ങളായി വെട്ടിനുറുക്കി കവറുകളിലാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മകളുടെ വീട്ടിലെത്തിയ ലക്ഷ്മി തിരികെ പോകുന്നതിനിടെ, വഴിയില്‍ വെച്ച് രാമചന്ദ്രപ്പ കാറില്‍ കയറ്റുകയായിരുന്നു. കാറിലുണ്ടായിരുന്ന കൂട്ടുപ്രതികളുമായി ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം രാമചന്ദ്രപ്പയുടെ ഫാമില്‍ എത്തിച്ചതിനുശേഷം ശരീരം കഷ്ണങ്ങളായി വെട്ടിനുറുക്കി കവറുകളിലാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടത്തി ഒരുദിവസം കഴിഞ്ഞായിരുന്നു ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്.
