കോഴിക്കോട് | നിമിഷപ്രിയയുടെ വധശിക്ഷ നാളെ (ജൂലൈ 16) നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. ഇതുസംബന്ധിച്ച് യമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം ഫേസ്ബുക്കിൽ പങ്കുവെച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി പ്രവർത്തിച്ച., പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതായി യെമൻ പബ്ലിക് പ്രോസിക്യൂട്ടർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
.പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം, നാളെ (ജൂലൈ 16)നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന, ഇന്ത്യൻ പൗര നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതായി യെമൻ പബ്ലിക് പ്രോസിക്യൂട്ടർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചുവെന്നാണ് അറിയിപ്പിൽ പറയുന്നത്.
ചാണ്ടി ഉമ്മൻ എംഎൽഎയുടെ അഭ്യർഥനെയ തുടർന്നാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടത്
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎയുടെ അഭ്യർഥനെയ തുടർന്നാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടത്. കാന്തപുരം ഉസ്താദിന്റെ അഭ്യര്‍ഥന പ്രകാരം യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ബ്നു ഹഫീസ് വിഷയത്തില്‍ ഇടപെട്ടു. രണ്ട് ദിവസമായി നടന്ന അനൗദ്യോഗിക സംഭാഷണങ്ങളുടെ അവസാനഘട്ടമെന്ന നിലക്ക് ഇന്നലെ(ജൂൺ 4 രണ്ട് തവണയായാണ് ചര്‍ച്ച നടന്നത്. ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍റഹ്മാന്‍ അലി മശ്ഹൂര്‍ ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
രണ്ടാം ദിവസത്തെ ചർച്ചകളിലാണ് നിർണായക പുരോഗതി ഉണ്ടായത്. യമൻ സമയം രാവിലെ പത്ത് മണിക്കാണ് കുടുംബവുമായുള്ള സുപ്രധാന യോഗം തുടുങ്ങിയത്. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി ഓർഡർ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നൽകുന്നു..
കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്കുന്നത്.
കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്..
