ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാർ റദ്ദാക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഷിംല കരാറിനെ ചത്തുപോയ രേഖയെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ജൂൺ 3 ചൊവ്വാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ആസിഫിന്റെ വിവാദ പരാമർശങ്ങൾ ഉണ്ടായത്. ഇന്ത്യയുടെ ഏകപക്ഷീയമായ നടപടികൾ, പ്രത്യേകിച്ച് 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഷിംല കരാറിനെ അപ്രസക്തമാക്കിയെന്ന് ആസിഫ് പറഞ്ഞിരുന്നു.
കരാർ വിഭാവനം ചെയ്ത ഉഭയകക്ഷി ഘടന തകർന്നിരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
‘ഷിംല കരാർ ഇപ്പോൾ ജീവനില്ലാത്ത രേഖയാണ്. ഐക്യരാഷ്ട്രസഭ നിയന്ത്രണ രേഖയെ വെടിനിർത്തൽ രേഖയായി പ്രഖ്യാപിച്ച 1948-ലെ സ്ഥിതിയിലേക്ക് ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു.’ ആദ്യത്തെ ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധിപ്പിച്ച് ആസിഫ് അവകാശപ്പെട്ടു. കരാർ വിഭാവനം ചെയ്ത ഉഭയകക്ഷി ഘടന തകർന്നിരിക്കുന്നുവെന്നും അതിനാൽ ഭാവിയിലെ തർക്കങ്ങൾ അന്താരാഷ്ട്ര സംവിധാനങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസിഫിന്റെ പ്രസ്താവനയെ എതിർത്ത് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം
.എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ആസിഫിന്റെ പ്രസ്താവനയെ എതിർത്തു രംഗത്തുവന്നു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ ഇസ്ലാമാബാദിൽ ആഭ്യന്തര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും നിലവിൽ, ഏതെങ്കിലും ഉഭയകക്ഷി കരാർ അവസാനിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.
