തൃശൂര്‍ | വ്യഷ്ടി പ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുളങ്കുന്നത്തുകാവിലെ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്ജി ല്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പുഴയില്‍ മത്സ്യ ബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും
ജലനിരപ്പ് 28 അടിയായാല്‍ ഷട്ടറുകള്‍ അടിയന്തരമായി തുറന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മലവായ് തോട്, പുഴയ്ക്കല്‍ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും തോട്ടില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താൻ വിവിധ വകുപ്പുകൾക്ക് നിർദേശം
പുഴയില്‍ മത്സ്യ ബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം. അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ സ്വീകരിക്കണം. പൂമല ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂര്‍ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. .
