ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ഹൈക്കോടതി കൊളീജിയം ശുപാർശയിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ . സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരുടെ പേരുകളാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത് എന്നാണ് സൂചന. ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറുന്നതിനൊപ്പം സംസ്ഥാന മുഖ്യമന്ത്രിക്കും പ്രത്യേക ദൂതൻ മുഖേന കൈമാറും.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും എടുക്കും
തുടർന്ന് ശുപാർശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ചീഫ് സെക്രട്ടറി കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തെ അറിയിക്കും.ഇതിനിടെ ശുപാർശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് നിയമമന്ത്രാലയം തേടും. സംസ്ഥാന സർക്കാരിന്റെ അഭിപ്രായവും കേന്ദ്ര നിയമമന്ത്രാലയത്തിന്റെ റിപ്പോർട്ടും ലഭിച്ചാൽ അവ ഹൈക്കോടതി കൊളീജിയം ശുപാർശ യ്ക്കൊപ്പം സുപ്രീം കോടതി കൊളീജിയത്തിന് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്
.
ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ, ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, എ.കെ. ജയശങ്കർ നമ്പ്യാർ എന്നിവർ അടങ്ങിയതാണ് കേരള ഹൈക്കോടതിയിലെ കൊളീജിയം.
.
.
.
.
