കൊച്ചി: വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.ആലപ്പുഴ ചന്തിരൂർ കാട്ടില്‍ത്തറ വീട്ടില്‍ സന്ദീപിനാണ് സഹായം നല്‍കിയത്. ജുവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നതിനിടെയാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ഇരു വൃക്കകളും മാറ്റിവച്ചെങ്കില്‍ മാത്രമേ പഴയ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കൂ.വൃക്ക നല്കാൻ ഭാര്യ അനു തയ്യാറായെങ്കിലും പരിശോധനയില്‍ അനുവിന്റെ വലത് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തി. ഇതോടെ പകരം വൃക്കദാതാവിനെ കണ്ടെത്തേണ്ട അവസ്ഥയുമായി.
കുടുംബത്തിന്റെ ഏക അത്താണി
അച്ഛനും അമ്മയും ഭാര്യയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒറ്റമുറി വീട്ടിലാണ്. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോഗം ബാധിച്ചതോടെ കുടുംബം ദുരിതത്തിലായി. ചികിത്സ കഴിഞ്ഞാലും ഒരു വർഷത്തെ വിശ്രമം ആവശ്യമാണ്.
യൂസഫലിക്ക് വേണ്ടി ലുലു ഐ.ടി ഇൻഫ്രാബില്‍ഡ്, സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിലും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജും ചേർന്ന് തുക കൈമാറി
