കേളകം: കാട്ടാന, കടുവ, കാട്ടുപന്നി എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ ഉഗ്രവിഷമുള്ള രാജവെമ്പാലകളും ജനവാസ മേഖലകളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേളകത്തെ വിവിധ വീടുകളിലും പറമ്പുകളിലും നിന്ന് 6 രാജവെമ്പാലകളെ വനംവകുപ്പ് സംഘം പിടികൂടി കാട്ടിലേക്ക് വിട്ടു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു, കരിയംകാപ്പിലെ റോജി, ആറളം ഫാം ബ്ലോക്ക് 11ലെ മീനാക്ഷി ശശി, ബ്ലോക്ക് 6ലെ അയ്യ എന്നിവരുടെ പറമ്പിൽ നിന്ന് ഒരേ ദിവസം 4 രാജവെമ്പാലകളെയാണ് താത്കാലിക വാച്ചർ ഫൈസൽ വിളക്കോട് പിടികൂടിയത്.
മാർച്ച് മാസത്തിൽ മാത്രം 15ലധികം രാജവെമ്പാലകളെയാണ് പിടികൂടിയത്
മാർച്ച് മാസത്തിൽ മാത്രം മലയോര മേഖലയിൽ നിന്ന് 15ലധികം രാജവെമ്പാലകളെയാണ് ഫൈസൽ വിളക്കോടും സംഘവും പിടികൂടി കാട്ടിലേക്ക് മാറ്റിയത്. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന ഇവ സാധാരണയായി പുഴയോരങ്ങളിലും വനപ്രദേശങ്ങളിലും കണ്ടുവരുന്നവയാണ്. എന്നാൽ, ഇപ്പോൾ ജനവാസ മേഖലയിലേക്ക് തുടർച്ചയായി കടന്നുവരുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നു
.വീടിനകത്തും തൊടിയിലും ഒളിച്ചിരിക്കുന്ന രാജവെമ്പാലകളെ കണ്ടെത്തി പിടികൂടുന്നത് വലിയ പരിശ്രമമാണ്. അയ്യൻകുന്ന് കച്ചേരിക്കടവ്, ആറളം ഫാം ബ്ലോക്ക് 10 എന്നിവിടങ്ങളിൽ നിന്നുമാണ് നേരത്തെ രണ്ട് രാജവെമ്പാലകളെ പിടികൂടിയത്.
.