തിരുവനന്തപുരം: ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന എൻജിനാണ് മാദ്ധ്യമങ്ങളെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 56-ാം പി.ജി.ഡി.ജെ ബാച്ചിന്റെയും 20-ാം പി.ജി.ഡി.സി.ജെ ബാച്ചിന്റെയും ബിരുദ സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പ്രസ് ഫോർ വാട്ട് എന്ന ചോദ്യത്തിന് സാധാരണക്കാരനുവേണ്ടി, പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി,ശബ്ദം ഒരിക്കലും ഉയർത്താൻ കഴിയാത്ത പ്രകൃതിക്കുവേണ്ടി എന്നുത്തരം പറയാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഭയകൗടല്യലോഭം എന്ന മൂന്നു മൂല്യങ്ങൾ
ആരെല്ലാമോ മറച്ചുവയ്ക്കുന്നതാണ് വാർത്ത. ജനാധിപത്യത്തില്‍ പൗരന്റെ അവസാന ആശ്രയമായ കോടതികള്‍ക്കുപോലും മാദ്ധ്യമങ്ങളെ ആശ്രയിക്കേണ്ടിവരാറുണ്ട്. സ്വദേശാഭിമാനി ഓർമ്മിപ്പിച്ച ഭയകൗടല്യലോഭം എന്ന മൂന്നു മൂല്യങ്ങളെ മുറുകെപ്പിടിച്ചുവേണം പുതുതലമുറ മാദ്ധ്യമപ്രവർത്തനത്തിനിറങ്ങാൻ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. ജയകുമാർ ഓർമ്മിപ്പിച്ചു.
റാങ്കുജേതാക്കളായ സ്നേഹ എസ്.നായർ, ഹരിപ്രിയ. എം.എസ്, നിമ സുനില്‍ എന്നിവർക്കും ഇ.എ.ഫെർണാണ്ടസ് മെമ്മോറിയല്‍ അവാർഡുകള്‍നേടിയ ഹരിപ്രിയ എം.എസ്, ബിസ്മിബേബി എന്നിവർക്കും മന്ത്രി മെമെന്റൊ നല്‍കി. കെ.ജയകുമാർ ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഈവനിംഗ് ബാച്ചിലെ വിദ്യാർത്ഥി ഡോ.അനിത ജെ.കെയും പ്രൊഫ.എൻ.ജെ.കെ.നായരും ചേർന്നേഴുതിയ ടോപ്പിക്സ് ഇൻ ജിയോഗ്രഫി എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു ആമുഖപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ വിനീഷ്.വി നന്ദിയും പറഞ്ഞു. പാർവതി നായർ, അർജുൻസായി, സായിപൗർണമി തുടങ്ങിയവർ ചടങ്ങുകള്‍ കോർഡിനേറ്റ് ചെയ്തു