തൊടുപുഴ: മൂലമറ്റത്ത് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍. ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം കാഞ്ഞാർ-വാഗമണ്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ സഞ്ചരിച്ച ടാക്സി കാറില്‍ നിന്നും 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു..
വാഗമണ്‍ കേന്ദ്രീകരിച്ച് ചിത്രീകരണം പുരോഗമിക്കുന്ന അട്ടഹാസം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി മാർച്ച് 9 ന് രാവിലെ 9.30ഓടെയാണ് മേക്കപ്പ് മാൻ മൂലമറ്റം എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി.
കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ്
പനമ്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് പരിശോധന നടത്തി. കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആരില്‍നിന്ന് വാങ്ങിയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ സിനിമ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിനോടനുബന്ധിച്ചാണ് പരിശോധന
ശനിയാഴ്ച ഇടുക്കി എസ്പി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിലും ഓപ്പറേഷൻ ഡി ഹണ്ടിനോടനുബന്ധിച്ച് ജില്ലയിലെ ബസ് സ്റ്റാന്റുകള്‍, മാർക്കറ്റുകള്‍, റിസോർട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്പെഷല്‍ ഡ്രൈവ് നടത്തിയിരുന്നു. ഇടുക്കിയില്‍ രാസലഹരിവസ്തുക്കളടക്കമുള്ള വയുടെ വില്‍പ്പനയും ഉപയോഗവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന
ആവേശം, പൈങ്കിളി, രോമാഞ്ചം,സൂക്ഷ്മദർശിനി, ജാനേമാൻ തുടങ്ങി നിരവധി സിനിമകളില്‍ ഇയാള്‍ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്.
