പത്തനംതിട്ട |.എ.ഡി.എം. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് വിജിലന്‍സ് ആസ്ഥാനത്തുനിന്നുളള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. . സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്തിലെ രേഖകള്‍ പരിശോധിച്ചതില്‍ കണ്ണൂര്‍ കലക്ടറേറ്റിലെ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായതായി കാണുന്നില്ലെന്ന ശ്രദ്ധേയമായ വിവരാവകാശ രേഖയാണ് പുറത്തുവന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയുടെ ഓഫീസും കണ്ണൂര്‍ ജില്ലാ കലക്ടറേറ്റും
റവന്യൂ സെക്രട്ടറിയുടെ ഓഫീസും കണ്ണൂര്‍ ജില്ലാ കലക്ടറേറ്റും നവീന്‍ ബാബുവിനെതിരെ പരാതികള്‍ യാതൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ആസ്ഥാനത്തിലെ ഫയലുകളിലും നവീന്‍ ബാബുവിനെതിരെ പരാതികള്‍ ഇല്ലെന്ന് വിജിലന്‍സ് ഡയറക്ടറേറ്റിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കത്തും വ്യക്തത നല്‍കുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായി ടി.വി. പ്രശാന്തന്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പെട്രോള്‍ പമ്പിന്റെ അനുമതിക്കായുള്ള എന്‍.ഒ.സി. ലഭിക്കുവാന്‍ എ.ഡി.എം. നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്നും അതിന് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നെന്നും ടി.വി. പ്രശാന്തന്‍ വെളിപ്പെടുത്തിയിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള പരാതികള്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇമെയില്‍ വഴിയോ മുഖ്യമന്ത്രിക്കാണ് നല്‍കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് വിജിലന്‍സ് ഡയറക്ടറേറ്റിനോ ബന്ധപ്പെട്ട വകുപ്പിനോ കൈമാറുകയാണ് പതിവ്. എന്നിരുന്നാലും, നവീന്‍ ബാബുവിനെതിരെ ഇത്തരത്തിലുള്ള പരാതി വിജിലന്‍സ് ഡയറക്ടറേറ്റിലെയും റവന്യൂ വകുപ്പിലെയും ഫയലില്‍ ഇല്ലെന്ന സ്ഥിരീകരണമാണ് വിവരാവകാശ രേഖകള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്

