ന്യൂഡൽഹി: അറുപത്തൊന്നുകാരനായ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗികജീവിതത്തിന്റെ തുടക്കം കേരളത്തിൽ നിന്നായിരുന്നു. 1988-ലെ കേരളാ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം എറണാകുളം അസിസ്റ്റന്റ് കളക്ടറായാണ് സേവനമാരംഭിച്ചത്. പിന്നീട് അടൂർ സബ് കളക്ടർ, കേരള പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എം.ഡി, വ്യവസായ വാണിജ്യ ഡയറക്ടർ, തിരുവനന്തപുരം വിമാനത്താവള വികസന സൊസൈറ്റി എം.ഡി, കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ, പൊതുമരാമത്ത് സിവിൽ സപ്ലൈസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജമ്മു-കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കുന്ന ബിൽ തയ്യാറാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
ആഭ്യന്തരമന്ത്രാലയം കശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായും ആഭ്യന്തരമന്ത്രാലയം അഡിഷണൽ സെക്രട്ടറിയായും പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായും ഗ്യാനേഷ് കുമാർ പ്രവർത്തിച്ചു. ജമ്മു-കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബിൽ തയ്യാറാക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
കഴിഞ്ഞ വർഷം ജനുവരി 31-നാണ് വിരമിച്ചത്.
ആഭ്യന്തരമന്ത്രാലയം അഡിഷണൽ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി രേഖകൾ കൈകാര്യം ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുപ്പം സൂക്ഷിച്ച ഉദ്യോഗസ്ഥനായിരുന്നു.കേന്ദ്ര സഹകരണ മന്ത്രാലയം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ വർഷം ജനുവരി 31-നാണ് വിരമിച്ചത്.

