കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലൂടെ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്. കേരളവും ചതിയുടെ താവളം

കൊച്ചി : കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലേക്ക് ആളുകളെ എത്തിക്കുകയും അവിടെ നിന്ന് അമേരിക്കയുടെ അതിർത്തിയിൽ എത്തിച്ച് മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കേരളവും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഈ ലോബിയുടെ കേന്ദ്രമെന്നു വിവരം. കാനഡയിലെ 262 കോളേജുകൾ ഇന്ത്യയിൽ രണ്ട് റിക്രൂട്ട്മെൻറ് ഏജൻസികളും ആയി ചേർന്ന് ആളുകളെ കാനഡയിൽ എത്തിക്കുകയും അവിടെ നിന്ന് അമേരിക്കയിലേക്ക് കടത്തുകയും ചെയ്ത സംഭവമാണ് ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പുറത്തുവന്നത്. ഇതു സംബന്ധിച്ച് ഇ ഡിയുടെ അന്വേഷണവും ആരംഭിച്ചു.

തണുപ്പിൽ 4 അംഗ ഗുജറാത്തി കുടുംബം വിറങ്ങലിച്ച് മരിച്ചതിൽ നിന്ന് തുടക്കം

കാനഡ അമേരിക്കൻ അതിർത്തിയിൽ 2022 ജനുവരി 19 തീയതി ഗുജറാത്തിലെ ഡിങ്കുജ ഗ്രാമത്തിൽ നിന്നുള്ള നാലംഗങ്ങൾ അടങ്ങിയ കുടുംബം കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിലെ കൊടും തണുപ്പിൽ പെട്ടാണ് മരണം സംഭവിച്ചത്. ഈ സംഭവത്തിൽ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദ് ബാദിൽ നിന്നുള്ള അശോക് ഭായി പട്ടേൽ എന്ന ആളെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇയാൾ ആയിരുന്നു ഈ കുടുംബത്തെ കാനഡയിൽ എത്തിച്ചത്. ഈ കേസിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് സോണൽ ഓഫീസ് ഒരു കേസ് രജിസ്റ്റർ ചെയ്തു. അശോക് ഭായി പട്ടേലിനും അയാളുടെ സ്ഥാപനങ്ങൾക്കും ലഭിച്ച പണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് വേണ്ടി ആയിരുന്നു ഇത്.

അതിർത്തിയിലെ കൊടും തണുപ്പിൽ മരണം സംഭവിച്ച കുടുംബം

ഇന്ത്യയിൽ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും 19 ലക്ഷം രൂപയും പിടിച്ചെടുത്തു. അന്വേഷണത്തിൽ ഒരാൾക്ക് 55 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ വാങ്ങിയാണ് ആളുകളെ അമേരിക്കയിലേക്ക് കടത്തുന്നത് എന്ന് വ്യക്തമായി.

കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായി വിസ നൽകുന്നു എന്ന് നാട്യം

കാനഡയിലെ കോളേജ് വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആണ് മനുഷ്യക്കടത്ത് ആരംഭിക്കുന്നത്. ഇതിനായി ഇന്ത്യയിലെ രണ്ട് സ്ഥാപനങ്ങൾ കാനഡയിലെ 262 കോളേജുകളുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. കരാർ പ്രകാരം വിദ്യാർത്ഥികളോ അവരുടെ ബന്ധുക്കളോ എന്ന നിലയിലാണ് കാനഡയിലേക്ക് ആളുകൾ പോകുന്നത്. എന്നാൽ ഈ കോളേജുകളിൽ ഇവർക്ക് ആർക്കും അഡ്മിഷൻ കൊടുക്കുന്നില്ല. ഒരു സ്ഥാപനം 150 കോളേജുകളും ആയി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരു സ്ഥാപനം 112 കോളേജുകളും ആയിട്ടാണ് ഉടമ്പടി ഉണ്ടായിട്ടുള്ളത്. ഇതിൻറെ മറവിൽ ആണ് കോടിക്കണക്കിന് രൂപയുടെ വിനിമയങ്ങൾ നടന്നിട്ടുള്ളത്.

കേരളത്തിൽ നിന്ന് പോയവരും പുറത്താക്കപ്പെടുന്നവരിലുണ്ടാകും

കാനഡയിൽ എത്തുന്ന ആളുകൾ കാനഡ-അമേരിക്ക അതിർത്തിയിൽ എത്തുന്നു. അതിനുശേഷം അമേരിക്കയിലേക്ക് മനുഷ്യർക്കടത്ത് നടത്തുകയാണ്. ഇങ്ങനെ അതിർത്തി കടത്തുവാൻ കാത്തു കിടക്കുന്നതിനിടയിൽ ഏജൻറുമാർക്ക് വന്ന അനാസ്ഥ മൂലം സുരക്ഷിതമായ സ്ഥലത്ത് എത്താൻ കഴിയാതെ പോയ 4 അംഗ ഗുജറാത്തി കുടുംബം തണുപ്പിൽ കൊല്ലപ്പെടുകയായിരുന്നു. നാട്ടിലുള്ള ബന്ധുക്കൾ കാര്യം മനസ്സിലാക്കിയതോടെയാണ് ഗുജറാത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻറെ ബാക്കി ആയി ആണ് ഇ ഡി സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചത്.

ഒരാളിൽ നിന്ന് 60 ലക്ഷം രൂപ വരെ വാങ്ങുന്നു

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ ആ കേസിന്റെ മാത്രം വേരുകൾ ഇന്ത്യ മുഴുവൻ പടർന്നു കിടക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം നിരവധി സ്ഥാപനങ്ങളും അവരുടെ ശൃംഖലയും ആണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഡയറക്ടറേറ്റ് അന്വേഷിച്ച രണ്ട് സ്ഥാപനങ്ങളുടെ ബന്ധങ്ങളിൽ മാത്രം 1700 പാർട്ണർമാരും 3500 ഏജൻറ് മാരും ഇന്ത്യ മുഴുവൻ പ്രവർത്തിച്ചിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം നിരവധി സ്ഥാപനങ്ങളും അവരുടെ ഏജൻറ്മാർ അടങ്ങുന്ന ശൃംഖലയുമാണ് രാജ്യത്തുള്ളത്. ഇവരിലൂടെ കോടിക്കണക്കിന് രൂപ ആളുകളിൽ നിന്ന് സമാഹരിക്കുകയും ആളുകളെ നിയമവിരുദ്ധമായ വിധേയമാക്കുകയും ചെയ്യുകയാണ്.

കേരളത്തിലും കണ്ണികൾ സജീവം

ഇന്ത്യയിൽ എമ്പാടും ഏജൻറുമാരും കേന്ദ്രങ്ങളും ഉള്ള വലിയ ഒരു സംഘം ആണ് മനുഷ്യക്കടത്തിൽ പ്രവർത്തിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഇതുവരെ നടത്തിയിട്ടുള്ളത്. കേരളവും ഇതിൻറെ ഭാഗമാണ്.

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ നടപടികൾ ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ചതോടെ 60 ലക്ഷം രൂപ വരെ മുടക്കി എത്തിച്ചേർന്ന ആളുകൾ നിയമനടപടികളിലും ശിക്ഷയ്ക്കും വിധേയമാകുവാൻ പോവുകയാണ് . കേരളത്തിൽ നിന്ന് പോയവരും ഇക്കൂട്ടത്തിലുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →