വയനാട്: പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ജനുവരി 27 ന് പുലർച്ചയോടെ യാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിലാക്കാട് സ്വദേശിയായ റിജോയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീടിനടുത്തെത്തി വിവരം അറിയിക്കുകയായിരുന്നു. നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കടുവ ചത്തതിന്റെ സന്തോഷത്തിലാണ് റിജോയും കുടുംബവും.
കുറച്ച് നാളായി ഉണ്ടായിരുന്ന ഭീതി ഒഴിഞ്ഞു
നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തിലാണ് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ. ചിലർ സന്തോഷ സുചകമായി നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും മധുരം കൊടുക്കയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കടുവയെ പിന്തുടർന്ന് പോകുന്നതിനിടെയാണ് ഡോക്ടർ അരുണ്‍ സക്കറിയയും സംഘവും കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ ആഴമേറിയ പഴക്കമുളള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചത്തത് ഏഴ് വയസുളള പെണ്‍കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചത്തത് ഏഴ് വയസുളള പെണ്‍കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
പോസ്റ്റ്മോർട്ടത്തിനായി കടുവയെ കുപ്പാടിയിലെ വൈല്‍ഡ് ലൈഫിന്റെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. ഇനി സമാധാനമായി ഉറങ്ങാമെന്നും ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് അറുതിയായെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
