വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ജനുവരി 8 ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രി സ്‌റ്റേഷനില്‍ തുടരുമെന്നാണ് വിവരം.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും

ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും എന്നും വിവരങ്ങളുണ്ട്. അതേസമയം ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അശ്ലീല പരാമർശങ്ങള്‍ നടത്തുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

ഹണി റോസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കി.

സെൻട്രല്‍ എസിപി ജയകുമാറിൻ്റെ മേല്‍നോട്ടത്തില്‍ പത്തംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇതിനിടെ ഹണി റോസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ കണ്ണൂർ ജില്ലയിലെ ആലക്കോട് എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂരിൻ്റെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഹണി റോസ് അതിഥിയായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →