ഡല്‍ഹി: ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു. ജനുവരി അഞ്ചിനാണ് ഔദ്യോഗികമായി വിരമിക്കുന്നത്. ഇടുക്കി പീരുമേട് സ്വദേശിയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നും രാജ്യത്തെ പരമോന്നത കോടതിയിലെ വിശിഷ്‌ട ജഡ്ജിയെന്ന നിലയില്‍ ഉയർത്തപ്പെട്ട സി.ടി.രവികുമാറിന്‍റെ സേവനം ശ്രദ്ധേയമാണെന്നു അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തിദിവസമായ ജനുവരി 3 ന് ഒന്നാം നമ്പർ കോടതിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍നിന്നും എത്തിയ ദൈവത്തിന്‍റെ സ്വന്തം മനുഷ്യനാണു ജസ്റ്റീസ് സി.ടി. രവികുമാറെന്നും നിലപാടുകളില്‍ എന്നും മനുഷ്യത്വം പുലർത്തിയിരുന്നു. പദവി നേടിയെടുക്കുക മാത്രമല്ല അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുകകൂടി ചെയ്തുവെന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.
20 വർഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു.
.ദളിത് വിഭാഗക്കാരനും ഇടുക്കി സ്വദേശിയുമായ ജസ്റ്റീസ് രവികുമാർ 20 വർഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്തു. 2009 ല്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും 2010 മുതല്‍ 2021 വരെ സ്ഥിരം ജഡ്ജിയായും സേവനമനുഷ്‌ഠിച്ചു.2021ല്‍ സുപ്രീകോടതി ജഡ്ജിയായി എത്തിയ ജസ്റ്റീസ് രവികുമാർ നാളെയാണ് ഔദ്യോഗികമായി വിരമിക്കുന്നത്. ഭരണഘടനാ ബെഞ്ചുകളിലും മുൻമന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് പരിഗണിച്ച ബെഞ്ചിലും അംഗമായിരുന്നു.
ബാർ കൗണ്‍സില്‍ നല്‍കിയ പിന്തുണ
അഭിഭാഷകനായി കരിയർ ആരംഭിച്ച തനിക്ക് ബാർ കൗണ്‍സില്‍ നല്‍കിയ പിന്തുണയാണ് ഇവിടെവരെ എത്തിച്ചതെന്നു മറുപടിപ്രസംഗത്തില്‍ ജസ്റ്റീസ് രവികുമാർ പറഞ്ഞു. കേരള ജുഡീഷല്‍ അക്കാദമി പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് ലീഗല്‍ സർവീസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ പദവികളും വഹിച്ചു. കോഴിക്കോട് ലോ കോളജില്‍നിന്നാണു നിയമപഠനം പൂർത്തിയാക്കിയത്
